print edition കുട്ടിക്കടത്തിൽ ഐവിഎഫ് കേന്ദ്രങ്ങൾക്കും പങ്കെന്ന്; കേന്ദ്രത്തിന്റെ മറുപടി തേടി


സ്വന്തം ലേഖകൻ
Published on Jun 05, 2026, 01:23 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ കുട്ടിക്കടത്ത് സംഘങ്ങളുമായി ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആർടി), വാടക ഗർഭധാരണ കേന്ദ്രങ്ങൾക്കും ബന്ധമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് സുപ്രീംകോടതിയിൽ. അമിക്കസ്‌ക്യൂറിയായ മുതിർന്ന അഭിഭാഷക അപർണ ഭട്ടാണ് ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിൽ റിപ്പോർട്ട് നൽകിയത്. ഇത്തരം കേന്ദ്രംവഴി കുട്ടിക്കടത്ത് തടയുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) നിലവിലില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ചില പ്രതികൾ ഐവിഎഫ് സെന്ററുകളിൽ അണ്ഡദാനം നടത്തുന്നവരാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ ആഗസ്‌ത് 19ന് മുന്പ് കേന്ദ്രസർക്കാർ മറുപടി നൽകണം. 2024ൽ മാത്രം കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് 6,000 കേസ് രജിസ്‌റ്റർ ചെയ്‌തു. 1.47 ലക്ഷം കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടിക്കടത്ത് തടയാൻ 2025 ഏപ്രിലിൽ പുറപ്പെടുവിച്ച വിധി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് കോടതി അമിക്കസ്‌ക്യൂറിയുടെ റിപ്പോർട്ട് തേടിയത്. വിഷയത്തിൽ എസ്‌ഒപി രൂപീകരിക്കാൻ റിട്ട. സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. 2021 ലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി നിയന്ത്രണ നിയമം, വാടക ഗർഭധാരണ നിയന്ത്രണ നിയമം എന്നിവയിലെ പഴുതാണ് ചുഷണം ചെയ്യപ്പെടുന്നതെന്നും അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി.










0 comments