പതിനാലുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ചു; 29കാരനെതിരെ കേസ്

ബംഗളൂരു: പതിനാലുകാരിയെ ബലം പ്രയോഗിച്ച് വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ച 29കാരനെതിരെ കേസ്. കർണാടകയിലെ കാളികുട്ടൈ എന്ന മലയോര ഗ്രാമത്തിൽ നിന്നുളള മാദേശ് എന്ന യുവാവിനെതിരെയാണ് പരാതി.
ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച് ബലം പ്രയോഗിച്ച് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. ബംഗളൂരുവിൽ വച്ചാണ് ഇവരുടെ വിവാഹം നടന്നത്.തമിഴ്നാട്ടിനടുത്തുള്ള തോട്ടമഞ്ഞ് എന്ന ഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയെയാണ് ഇയാൾ വിവാഹം കഴിച്ചത്.
മാർച്ച് മൂന്നിനായിരുന്നു സംഭവം. കേസിൽ മാദേശിനെയും സഹോദരനെയും പെൺകുട്ടിയുടെ അമ്മ നാഗമ്മയെയും ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലർച്ചെ പെൺകുട്ടിയുടെ പിതാവിനെയും മല്ലേശിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു.
ദൃശ്യങ്ങളിൽ യുവാവിന്റെ സഹോദരൻ മല്ലേശിനെയും മറ്റൊരു സ്ത്രീയെയും കാണാം, വിവാഹം കഴിഞ്ഞ് യുവാവിനോടൊപ്പം പോകാൻ പെൺകുട്ടി വിസമ്മതിച്ചതോടെയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. രക്ഷിതാക്കളോടും ബന്ധുക്കളോടും പെൺകുട്ടി കരഞ്ഞ് പറഞ്ഞെങ്കിലും ആരും കുട്ടിയെ സഹായിച്ചില്ല.
സംഭവം കണ്ടു നിന്നവരാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ മുത്തശി പരാതി നൽകിയിട്ടുണ്ട്.










0 comments