ഛത്തീസ്ഗഢില്‍ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

ജൻജ്ഗിർ: ഛത്തീസ്ഗഢിലെ ജൻജ്ഗിർ–ചാംപ ജില്ലയിൽ ഹസ്ദിയോ നദിയിൽ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. മുരാരി സാഹു (22), പവൻ ലാൽ (22), സച്ചിൻ സിങ് (23) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ബാലൗദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്രി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.
ബിലാസ്പൂരിലെ ഒരു കോളേജിൽ ഫാർമസി കോഴ്സ് പഠിക്കുന്ന എട്ട് വിദ്യാർഥികളാണ് വിനോദയാത്രയ്ക്കായി ദേവ്രിയിലെത്തിയത്. നദിക്കരയിൽ സെൽഫി എടുക്കുന്നതിനിടെ ഒരു വിദ്യാർഥി കാൽ വഴുതി വെള്ളത്തിലേക്ക് വീണതായി ബാലൗദ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോഹർ സിന്ഹ പറഞ്ഞു.
സുഹൃത്തിനെ രക്ഷിക്കാൻ രണ്ട് വിദ്യാർഥികൾ നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കിൽ ഇവരും പെട്ടുപോകുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസും ഹോം ഗാർഡ് മുങ്ങൽ വിദഗ്ധരും വെള്ളിയാഴ്ച വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ സംസ്ഥാന ദുരന്ത പ്രതികരണ സേനയും തിരച്ചിലിൽ പങ്കുചേർന്നു. നദിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
തിരച്ചിലിനിടെ വിദ്യാർഥികൾ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ താഴെ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മനെന്ദ്രഗഢ്–ചിർമിരി–ഭാരത്പുർ ജില്ലയിലെ ചിർമിരി സ്വദേശിയായ പവൻ ലാലിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
മുരാരി സാഹുവിനും സച്ചിൻ സിങ്ങിനുമായി തിരച്ചിൽ തുടരുകയാണ്. ശക്തമായ ഒഴുക്കാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.









0 comments