ഏകപക്ഷീയ ആക്രമണങ്ങൾ അംഗീകരിക്കില്ല; ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ സമവായം

ന്യൂഡൽഹി: ഏകപക്ഷീയമായ ആക്രമണങ്ങൾക്കെതിരെയുള്ള സംയുക്ത പ്രസ്താവനയിൽ ബ്രികിസ് ഉച്ചകോടിയിൽ അംഗരാജ്യങ്ങളുടെ അംഗീകാരം. ആദ്യം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും സമവായ ചർച്ചകളിലൂടെ എല്ലാ അംഗങ്ങളും 'ന്യൂഡൽഹി പ്രഖ്യാപനം' അംഗീകരിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ രണ്ടുദിവസങ്ങളിലായാണ് നടക്കുന്നത്. ഉച്ചകോടിയുടെ ആദ്യ ദിവസമായ ശനിയാഴ്ചത്തെ ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം അംഗീകരിച്ച വിവരം അറിയിച്ചത്. എല്ലാ അംഗരാജ്യങ്ങളുടെയും സമവായത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ബ്രിക്സ് എന്നും അദ്ദേഹം പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾക്കോ തന്ത്രങ്ങൾക്കോ കഴിയില്ല. പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും നിയന്ത്രണങ്ങളിലും 'ഗ്ലോബൽ സൗത്ത്' (വികസ്വര രാജ്യങ്ങൾ) തുല്യ പങ്കാളിത്തം വഹിക്കണം. തീരുമാനങ്ങളെ പ്രായോഗിക ഫലങ്ങളാക്കി മാറ്റേണ്ടത് അംഗരാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി പ്രഖ്യാപനം
രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ ഏകപക്ഷീയമായ ആക്രമണങ്ങളെയും പ്രതികാര തീരുവകളെയും അപലപിച്ചായിരുന്നു ബ്രിക്സ് ഉച്ചകോടിയിലെ ന്യൂഡൽഹി പ്രഖ്യാപനം. യുഎസ് ഡോളറിന് പകരം പ്രാദേശിക കറൻസികൾ ഉപയോഗിച്ച് ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ നിർദ്ദേശമുണ്ട്.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ തീരുവ വർധനവുകളെയും സംരക്ഷണവാദങ്ങളെയും പ്രഖ്യാപനം എതിർത്തു. തുറന്നതും സുതാര്യവും നീതിയുക്തവുമായ ആഗോള വ്യാപാര സംവിധാനം വേണമെന്ന് ഉച്ചകോടിയിൽ ആവശ്യമുയർന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അംഗരാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. സൈനിക സംഘർഷങ്ങൾക്കിടയിൽ നാവികരുടെയും വാണിജ്യ കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും, ഭാവി സാങ്കേതികവിദ്യകളിൽ 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾക്ക് തുല്യ പങ്കാളിത്തം വേണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളിലെ വികസ്വര രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകി യുഎൻ സുരക്ഷാ സമിതിയിലും (UNSC) മറ്റ് ബഹുമുഖ സ്ഥാപനങ്ങളിലും ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചു.
പ്രധാനമനത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രസ്താവനയിൽ ഭീകരവാദത്തെ ശക്തമായി അപലപിച്ചു. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ പ്രത്യേകം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ബ്രിക്സ് ഉച്ചകോടി വ്യക്തമാക്കി.









0 comments