print edition പുകയില ഉൽപ്പന്നങ്ങൾക്ക് തീരുവയും സെസും ; ബില്ലിന് പാർലമെന്റിന്റെ അംഗീകാരം

ന്യൂഡൽഹി
പാൻ മസാല ഉൽപ്പന്നങ്ങൾക്ക് മേൽ പ്രത്യേക സെസ് ചുമത്തുന്ന ആരോഗ്യസുരക്ഷാ–ദേശീയസുരക്ഷാ സെസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. വെള്ളിയാഴ്‌ച ലോക്‌സഭ പാസാക്കിയ ബില്ലിന് തിങ്കളാഴ്‌ച രാജ്യസഭയും അംഗീകാരം നൽകി. പുകയില ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന നഷ്ടപരിഹാര സെസ് ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ ബില്‍ കൊണ്ടുവന്നത്. സെസിലൂടെയുള്ള വരുമാനം ആരോഗ്യ– പ്രതിരോധ മേഖലകളിൽ ചെലവഴിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
ആരോഗ്യ മേഖലയ്‌ക്കും പ്രതിരോധമേഖലയ്‌ക്കുമായി എത്ര വിഹിതം നീക്കിവെയ്‌ക്കുമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടില്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ആരോഗ്യം സംസ്ഥാന വിഷയമാണ്. ആ മേഖലയ്‌ക്ക് അർഹമായ വിഹിതം ഉറപ്പുവരുത്തണം. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളോട് സർക്കാർ നീതികേട് തുടരുകയാണ്. അതുകൊണ്ടു തന്നെ സെസ് തുക ഏത് അനുപാതത്തിൽ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കണം– ബ്രിട്ടാസ് പറഞ്ഞു.
ജിഎസ്‌ടിയിലേക്ക് മാറിയതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യൂ നഷ്ടം നികത്തുന്നതിനാണ് പുകയില ഉൽപ്പന്നങ്ങൾക്കും ആഡംബര വസ്‌തുക്കൾക്കും മേൽ നഷ്ടപരിഹാര സെസ് ചുമത്തിയത്. അഞ്ചുവർഷത്തേക്കുള്ള നഷ്ടപരിഹാര സെസ് പിന്നീട് 2026 മാർച്ച് വരെ നീട്ടി. കോവിഡ് കാലത്ത് കേന്ദ്രമെടുത്ത കടം തിരിച്ചടയ്‌ക്കുന്നതിനാണ് നഷ്ടപരിഹാര സെസ് നീട്ടിയത്. കടം തിരിച്ചടയ്‌ക്കൽ പൂർത്തിയായതിനാൽ ഡിസംബറോടെ സെസ് അവസാനിക്കും. ഇൗ സാഹചര്യത്തിലാണ് പുതിയ ബില്ലുകൾ സർക്കാർ തയ്യാറാക്കിയത്.










0 comments