വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കൽ: തടസ്സമാകുന്നത് കേന്ദ്രസർക്കാർ മനോഭാവമെന്ന് സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Oct 16, 2025, 08:20 AM | 1 min read
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് തടസ്സം കേന്ദ്രസർക്കാരിന്റെ മനോഭാവമെന്ന് സുപ്രീംകോടതി. തൂക്കികൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യഹർജിയെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തതിനെ തുടർന്നാണ് സുപ്രീംകോടതി വിമർശം.
‘പരമ്പരാഗത രീതികളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറല്ല. തൂക്കിലിട്ട് വധശിക്ഷ നടപ്പാക്കുന്നത് പഴഞ്ചൻ സമ്പ്രദായമാണ്. കാലത്തിന് അനുസരിച്ച് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ മാറ്റങ്ങളെ ഉൾകൊള്ളുന്ന അവസ്ഥയിലേക്ക് സർക്കാർ വളർന്നിട്ടില്ല’– ജസ്‌റ്റിസ് വിക്രംനാഥ്, ജസ്‌റ്റിസ് സന്ദീപ് മെഹ്‌ത എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. തൂക്കിലേറ്റി ശിക്ഷ നടപ്പാക്കണോ ഇഞ്ചക്ഷനിലൂടെ മരണം വരിക്കണോയെന്ന സാധ്യതയെങ്കിലും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർക്ക് നൽകണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഋഷി മൽഹോത്ര ആവശ്യപ്പെട്ടു. എന്നാൽ, കുത്തിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഏത് രീതിയിൽ ശിക്ഷ നടപ്പാക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം കുറ്റവാളികൾക്ക് നൽകാൻ കഴിയില്ല. അത് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക് കീഴിലുള്ള കാര്യമാണ്– സർക്കാർ അഭിഭാഷകർ പറഞ്ഞു.
തൂക്കിലേറ്റിയുള്ള വധശിക്ഷ വലിയ വേദനയ്‌ക്കും യാതനകൾക്കും കാരണമാകുന്നതായി ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. കുത്തിവെപ്പിലൂടെയോ വെടിവെച്ചോ ഗ്യാസ്‌ചേംബറിൽ അടച്ചോ ശിക്ഷ നടപ്പാക്കിയാൽ മിനിറ്റുകൾക്കുള്ളിൽ വധശിക്ഷ നടപ്പാക്കപ്പെടും. തൂക്കിലേറ്റിയുള്ള വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 40 മിനിറ്റെങ്കിലും വേണ്ടി വരും. അമേരിക്കയിലെ 50ൽ 49 സ്‌റ്റേറ്റുകളിലും കുത്തിവെപ്പിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. തൂക്കിലേറ്റിയുള്ള വധശിക്ഷ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയിലെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ കൂട്ടിച്ചേർത്തു.









0 comments