ad
Deshabhimani

print edition പ്രക്ഷോഭത്തെ ഭയന്ന് കേന്ദ്രസർക്കാർ; അടിച്ചമർത്താൻ നീക്കം

CJP Protest

അഭിജീത്തിനുനേരെയുണ്ടായ മഷിയാക്രമണം, ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന എസ്എഫ്ഐ നേതാക്കളെ സിപിഐ എം ജനറൽ സെക്രട്ടറി 
എം എ ബേബി അഭിവാദ്യംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:26 AM | 2 min read

ന്യൂഡൽഹി: സിജെപി പ്രക്ഷോഭത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന്‌ തൊട്ടുമുന്പ്‌ അടിച്ചമർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വിദ്യാർഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയ നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ച, സിബിഎസ്‌ഇ ക്രമക്കേട്‌ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രതിരോധത്തിലാകുമെന്നുറപ്പാണ്‌. പുറത്തുനിന്നുള്ള സമ്മർദം കൂടി താങ്ങാനാകില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ജന്തർമന്തറിൽ നിരാഹാരമിരുന്ന സോനം വാങ്‌ചുക്കിനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയത്‌. തിങ്കളാഴ്ച പാർലമെന്റ്‌ മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ വാങ്‌ചുക്കും സിജെപിയും പ്രഖ്യാപിച്ചിരുന്നു.


അടിച്ചമർത്താനാണ്‌ ശ്രമിച്ചതെങ്കിലും കേന്ദ്രസർക്കാർ ഇടപെടൽ വഴി സമരം കൂടുതൽ ശക്തമായി. വാങ്‌ചുക്കിനെ അറസ്റ്റ്‌ ചെയ്തതിന്‌ പിന്നാലെ ആയിരങ്ങൾ ജന്തർമന്തറിലേക്ക്‌ പ്രതിഷേധവുമായെത്തി. മുൻദിവസങ്ങളിൽ ഉണ്ടാകാത്ത ജനക്കൂട്ടം ശനിയാഴ്‌ച ര‍ൂപപ്പെട്ടു. മുദ്രാവാക്യങ്ങൾ മുമ്പത്തേക്കാൾ ശക്തമായി. രാഷ്‌ട്രീയ നേതാക്കളുൾപ്പെടെ ക‍ൂടുതൽ പേർ സമരത്തിന്‌ പിന്തുണ അറിയിച്ച്‌ രംഗത്തെത്തി. ജന്തർമന്തറിൽ നുഴഞ്ഞുകയറി സമരത്തെ അലങ്കോലപ്പെടുത്താനുള്ള ആർഎസ്‌എസ്‌ ഗുണ്ടകളുടെ ശ്രമത്തെയും തകർത്താണ്‌ പ്രതിഷേധത്തിന്റെ മുന്നോട്ടുപോക്ക്‌.


സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗം ആർ അരുൺകുമാർ, മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌, ഡോ. വി ശിവദാസൻ എംപി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനീനിക ഘോഷ്‌, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌ എന്നിവർ പിന്തുണയുമായി ജന്തർമന്തറിലെത്തി.


നിരാഹാരവുമായി എസ്‌എഫ്‌ഐ


ന്യൂ‍ഡൽഹി: സോനം വാങ്‌ചുക്കിന്‌ ഐക്യദാർഢ്യമറിയിച്ച്‌ ഡൽഹി ജന്തർമന്തറിൽ നിരാഹാരമാരംഭിച്ച്‌ എസ്‌എഫ്‌ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ എന്നിവരാണ്‌ നിരാഹാരമിരിക്കുന്നത്‌. വാങ്‌ചുക്കിനെ വിട്ടുകിട്ടുംവരെ പിന്നോട്ടില്ലെന്നാണ് പ്രഖ്യാപനം. ഡൽഹി ജന്തർമന്തറിലെ ‘ക്രാന്തി കോർണറി’ലാണ്‌ സമരകേന്ദ്രം. വിദ്യാഭ്യാസ മേഖലയിലുണ്ടായ വീഴ്‌ചയുടെ ധാർമിക ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കുക‍‍‍, വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക‍‍, എൻടിഎ പിരിച്ചുവിടുക എന്ന മുദ്രാവാക്യങ്ങളും ഉയർത്തും.


രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. "ഇന്ത്യയുടെ ഭാവിയെ രക്ഷിച്ചെടുക്കുന്നതിനുള്ള സമരമാണിത്‌. രാജ്യത്താകമാനം നൂറുകണക്കിന്‌ ക്രാന്തി കോർണറുകൾ ആരംഭിക്കും. ഇവിടങ്ങളിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ആദർശ്‌ എം സജി ​പറഞ്ഞു. ‘സമാധാനപരമായി നിരാഹാരമിരുന്ന, അനങ്ങാൻ പോലും കഴിയാതിരുന്ന, നിശബ്‌ദതയിലൂടെ നീതി ആവശ്യപ്പെട്ട മനുഷ്യനെ തട്ടിക്കൊണ്ടുപോയി. ഒരു വാങ്‌ചുക്കിനെ തടഞ്ഞാൽ, ലക്ഷക്കണക്കിനാളുകൾ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുന്നോട്ടുവരുമെന്ന് ഐഷി ഘോഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home