തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്രം: പ്രതിഷേധത്തിനു നിൽക്കാതെ രാഹുൽ ഗാന്ധി ജർമനിയിൽ

ന്യൂഡൽഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നതടക്കമുള്ള ബില്ലുകൾ കേന്ദ്രം പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ സ്ഥലത്തില്ലാതെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്തവണ ജർമനിയിലാണ് രാഹുലിന്റെ വിദേശ പര്യടനം. പാർലമെന്റിൽ ബില്ലുകൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ രാഹുൽ ഗാന്ധി വിദേശ യാത്ര നടത്തുന്നത് കോൺഗ്രസിൽ തന്നെ അതൃപ്തിക്കിടയാക്കി. മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ വിമർശനവുമായി രംഗത്തെത്തി. ജനങ്ങളുടെ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസിന് കഴിയണമെന്ന് രാഹുലിന്റെ വിദേശ യാത്രയെ പരാമർശിച്ചുകൊണ്ട് പൃഥ്വിരാജ് ചവാൻ പറഞ്ഞു. മുമ്പും സമാനമായ രീതിയിൽ നിർണായക സംഭവങ്ങളുണ്ടാകുമ്പോൾ രാഹുൽ ഗാന്ധി വിദേശ യാത്രയിലായിരിക്കുന്നത് ചർച്ചയ്ക്കിടയാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ വിഷയം ഉന്നയിച്ചിട്ടും പ്രിയങ്ക ഗാന്ധി രാഹുലിന്റെ വിദേശയാത്രയെ ന്യായീകരിക്കുകയായിരുന്നു.
ഗ്രാമീണ കുടുംബങ്ങളുടെ ജീവനാഡിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് മോദി സർക്കാർ പുതിയ ബില്ലുമായി എത്തിയത്. ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ 2025ന് (വിബി ജി റാം ജി ബിൽ) പാർലമെന്റ് അംഗീകാരം നൽകുന്നതോടെ 2005ലെ എംജിഎൻആർഇജിഎ നിയമം അസാധുവാകും. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനൊപ്പം പദ്ധതിയുടെ അടിസ്ഥാനഘടന തന്നെ മാറ്റിമറിക്കുന്നതാണ് ബിൽ.
പദ്ധതി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കുന്ന, വൻ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തൊഴിലാളി വേതനത്തിനുള്ള ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നാണ് പുതിയ പരിഷ്‌കാരം. പദ്ധതിക്ക് പ്രതിവർഷം 1.5 ലക്ഷം കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ 55,000 കോടി മുടക്കേ ണ്ടി വരും. തൊഴിലുറപ്പ് പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥയില്ല. എന്നാൽ, പുതിയ ബില്ലിൽ ഏറ്റവും തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിതയും കൊയ്‌ത്തുമുൾപ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് മുൻകൂർ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് ബില്ലിൽ പറയുന്നത്.
പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം പരമാവധി ഒഴിവാക്കി മൊബൈൽ, ബയോമെട്രിക്‌സ്, ജിയോ–ടാഗിങ്, നിർമിതബുദ്ധി ഓഡിറ്റിങ്ങ് തുടങ്ങിയ നവസാങ്കേതികവിദ്യകളെ ആശ്രയിക്കാനും നിർദേശി ക്കുന്നു. ആസൂത്രിതനീക്കത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാനായിരുന്നില്ല. എന്നാൽ ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായ രാഹുലിന്റെ അഭാവവും വിദേശ യാത്രയും പ്രതിസന്ധിയുണ്ടാക്കുന്നു.











0 comments