Deshabhimani

print edition അധിക തീരുവ അടിച്ചേൽപ്പിക്കൽ; കരാർ മരവിപ്പിക്കാൻ മടിച്ച്‌ കേന്ദ്രം

image credit : politico.eu
വെബ് ഡെസ്ക്

Published on Sep 21, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ഇന്ത്യക്കുമേൽ 100 ശതമാനംവരെ അധിക തീരുവ അടിച്ചേൽപ്പിക്കുന്ന നിയമം അമേരിക്കയില്‍ പ്രാബല്യത്തിലായതോടെ മേരിക്കയുമായുള്ള വ്യാപാര കരാർ മരവിപ്പിക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ, ശക്തമായ നിലപാട് എടുക്കാതെ അമേരിക്കൻ വിധേയത്വം തുടരുകയാണ്‌ കേന്ദ്രസർക്കാർ. പുതിയ നടപടി ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് അമേരിക്കയെ അറിയിച്ചെന്ന പ്രസ്‌താവനമാത്രം നടത്തിയ വിദേശമന്ത്രാലയം ബിൽ പാസായതിനുശേഷം കാര്യമായി പ്രതികരിച്ചിട്ടില്ല. തീരുവ അടിച്ചേൽപ്പിക്കൽ അന്യായമെന്ന്‌ സഹമന്ത്രി കൃതി വർധൻ സിങ്‌ പറഞ്ഞെങ്കിലും വിദേശമന്ത്രിയോ പ്രധാനമന്ത്രിയോ അമേരിക്കയ്‌ക്കെതിരായ പ്രസ്‌താവനകൾ ഒഴിവാക്കി.


അതേസമയം, ജി–20 രാഷ്‌ട്രങ്ങളുടെ വാണിജ്യമന്ത്രിമാരുടെ യോഗത്തിനായി വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ സെപ്‌തംബർ 29ന്‌ അമേരിക്കയിലേക്ക്‌ പോകുന്നുണ്ട്‌. നികുതി അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിക്കുന്നതിനുപകരം വാണിജ്യ കരാർ വേഗം ഒപ്പിടാനാണ്‌ അവിടെ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഗോയൽ ആവശ്യപ്പെടുകയെന്നാണ്‌ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്‌. അമേരിക്കൻ വ്യാപാര പ്രതിനിധിയുമായി ഗോയൽ ചർച്ച നടത്തും.


വ്യാപര ചർച്ച മരവിപ്പിക്കണമെന്ന്‌ മുൻ വാണിജ്യമന്ത്രി ആനന്ദ്‌ ശർമ ഞായറാഴ്‌ച ആവശ്യപ്പെട്ടു. ഉ‍ൗർജ സുരക്ഷ, വ്യാപാരം, സന്പദ്‌വ്യവസ്ഥ എന്നിവയിൽ കനത്ത പ്രത്യോഘാതമുണ്ടാകുമെന്നും തന്ത്രപരമായ വാണിജ്യ പങ്കാളിയായ ഇന്ത്യയെ ലക്ഷ്യമിടുന്ന നീക്കം അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രാജ്യം വ്യവസ്ഥകൾ തൈറ്റിച്ചാൽ കരാർ റദ്ദാക്കാമെന്ന വ്യവസ്ഥ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ മടിക്കുകയാണെന്ന വിമർശവും ശക്തമാണ്‌. സിപിഐ എമ്മടക്കമുള്ള ഇടതുപക്ഷ പാർടികളും കർഷകസംഘടനകളും കരാറിനെ തുടക്കംമുതൽ ശക്തമായി എതിർക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home