ad
Deshabhimani

കൂടെ വീടുകളുടെ സാറ്റലൈറ്റ് മാപ്പിങ്ങും

ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കമാവുന്നു; ഭാഗ്യചിഹ്നത്തിലും ആൺ പെൺ വേര്‍തിരിവ്

census Mascots
വെബ് ഡെസ്ക്

Published on Mar 05, 2026, 04:42 PM | 3 min read

ന്യൂഡൽഹി: രാജ്യത്തെ പതിനാറാമത് സെൻസസ് നടപടികൾക്ക് ഏപ്രിലിൽ തുടക്കമാവും. പൂര്‍ണ്ണമായും ഡിജിറ്റലായാണ് വിവര ശേഖരണം. ഇതിനായുള്ള നാല് പ്രധാന ഡിജിറ്റൽ ടൂളുകൾ പുറത്തിറക്കി. 2026ഏപ്രിൽ ഒന്നു മുതൽ സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കും. 11,718കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രണ്ട് ഘട്ടമായാണ് പൂര്‍ത്തീകരിക്കുക.


പരമ്പരാഗതമായി പേപ്പറും ബോർഡും ഉപയോഗിച്ചുള്ള രീതി വിട്ട് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലായാണ് വിവര ശേഖരണം.


പ്രധാന ഡിജിറ്റൽ ടൂളുകൾ


1. HLBCവെബ് ആപ്ലിക്കേഷൻ: സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് വീടുകളുടെ പട്ടിക തയ്യാറാക്കാനുള്ള ഡിജിറ്റൽ മാപ്പിംഗ് സംവിധാനം.

2. HLOമൊബൈൽ ആപ്പ്: എന്യൂമറേറ്റർമാർക്ക് ഡാറ്റ ശേഖരിക്കാനും അപ്‌ലോഡ് ചെയ്യാനുമുള്ള ഓഫ്‌ലൈൻ ആപ്പ്. ആൻഡ്രോയിഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ 16പ്രാദേശിക ഭാഷകളിൽ ഇത് ലഭ്യമാകും.

3.സെൽഫ് എൻയുമറേഷൻ (SE)പോർട്ടൽ: പൗരന്മാർക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സംവിധാനം.

4. CMMSപോർട്ടൽ: സെൻസസ് പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കേന്ദ്രീകൃത സംവിധാനം.


ഭാഗ്യചിഹ്നങ്ങളിൽ ആണും പെണ്ണും


സെൻസസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളായി (Mascots) 'പ്രഗതി' (സ്ത്രീ), 'വികാസ്' (പുരുഷൻ)എന്നിങ്ങനെ ലിംഗ വേര്‍തിരിവോടെയുള്ള രൂപങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇവ അനാവരണം ചെയ്തു.


census Mascots

ഭാഗ്യ ചിഹ്നങ്ങളായി പ്രഖ്യാപിച്ച വികാസ്, പ്രഗതി


2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ ഇരട്ട ചിഹ്നങ്ങൾ മുന്നോട്ട് വെക്കുന്നത് എന്നാണ് വിശദീകരണം. എന്നാൽ ഈ പരമ്പരാഗത ലിംഗ കല്പനയ്ക്ക് അപ്പുറത്തേക്ക് സമൂഹത്തെ വിഭാവനം ചെയ്യാൻ പറ്റാത്ത മനോനിലയാണ് ഈ ഒരു തെരഞ്ഞെടുപ്പിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നു.


ട്രാൻസ്‌ജെൻഡർ/ഭിന്നലിംഗ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒന്നുമില്ല എന്നതാണ് പരാതിയായി ഉയര്‍ന്നിട്ടുള്ളത്. പല ആക്ടിവിസ്റ്റുകളും ഈ പോരായ്മ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഡിജിറ്റൽ സെൻസസിൽ പുരുഷൻ, സ്ത്രീ എന്നിവർക്കൊപ്പം 'ട്രാൻസ്‌ജെൻഡർ' എന്ന ഓപ്ഷൻ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. സെൽഫ് എൻയുമറേഷൻ പോർട്ടലിലും മൊബൈൽ ആപ്പിലും ഈ വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യം ഏര്‍പ്പെടുത്തുകയാവും ചെയ്യുക.


2011 സെൻസസ് പ്രകാരം ഇന്ത്യയിലാകെ ഏകദേശം 4,87,803 പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേരുള്ളത് (ഏകദേശം 1.37 ലക്ഷം). പല സന്നദ്ധ സംഘടനകളുടെയും കണക്ക് പ്രകാരം ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നവർ ഏകദേശം 20 ലക്ഷത്തിന് മുകളിലാണ്.


2011-ൽ പലരും സാമൂഹികമായ ഭയവും അകറ്റി നിര്‍ത്തലുകളും കാരണം വിവരം വെളിപ്പെടുത്താൻ മടിച്ചതിനാലാണ് ഔദ്യോഗിക കണക്ക് കുറഞ്ഞുപോയതെന്ന് കരുതുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമം- (Transgender Persons Protection of Rights Act, 2019) പ്രകാരം ഇപ്പോൾ ഓരോ വ്യക്തിക്കും താൻ ഏത് ലിംഗത്തിൽപ്പെട്ടയാളാണെന്ന് (പുരുഷൻ, സ്ത്രീ, അല്ലെങ്കിൽ ട്രാൻസ്‌ജെൻഡർ) സ്വയം തീരുമാനിക്കാനുള്ള അവകാശമുണ്ട്.


രണ്ട് ഘട്ടങ്ങൾ

  1. ഒന്നാം ഘട്ടം (2026ഏപ്രിൽ -സെപ്റ്റംബർ): വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും.

  2. രണ്ടാം ഘട്ടം (2027ഫെബ്രുവരി): ജനസംഖ്യാ കണക്കെടുപ്പ് (Population Enumeration).

പ്രത്യേകത: വിവരങ്ങൾ ശേഖരിക്കുന്നതിന് മുൻപ് 15ദിവസം ഒരു പ്രത്യേക വിൻഡോയിലൂടെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാൻ (Self-enumeration)അവസരമുണ്ടാകും. ഇങ്ങനെ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഐഡി (SE ID) പിന്നീട് എന്യൂമറേറ്റർമാർക്ക് നൽകി വിവരങ്ങൾ സ്ഥിരീകരിക്കാം

32ലക്ഷത്തോളം ഫീൽഡ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സെൻസസ് പ്രക്രിയയാണ്. ഈ സെൻസസ് വിവരങ്ങളാണ് വരാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയത്തിനും (Delimitation), വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിലും അടിസ്ഥാനമായി വരിക.


ഓരോ ഘട്ടത്തിലും നൽകേണ്ട വിവരങ്ങൾ


ഓരോ ഘട്ടത്തിലും എന്തൊക്കെ വിവരങ്ങളാണ് നൽകേണ്ടി വരിക. ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്ന് അറിഞ്ഞിരിക്കാം.



ഒന്നാം ഘട്ടം: വീടുകളുടെ പട്ടികയും സൗകര്യങ്ങളും

(Houselisting & Housing Census)


ഈ ഘട്ടത്തിൽ വീടിന്റെ അവസ്ഥയെയും സൗകര്യങ്ങളെയും കുറിച്ചുള്ള ഏകദേശം 31 ചോദ്യങ്ങളാണ് ഉണ്ടാവുക


  1. കെട്ടിട നമ്പർ: മുനിസിപ്പൽ അല്ലെങ്കിൽ ലോക്കൽ ബോഡി നൽകിയിട്ടുള്ള നമ്പർ.

  2. വീടിന്റെ നിർമ്മാണ സാമഗ്രികൾ: ഭിത്തി, മേൽക്കൂര, തറ എന്നിവ നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കൾ (ഉദാ: സിമന്റ്, ടൈൽ, പുല്ല് തുടങ്ങിയവ).

  3. വീടിന്റെ ഉപയോഗം: താമസം മാത്രമാണോ അതോ സ്ഥാപനമാണോ എന്ന്.

  4. കുടുംബനാഥന്റെ പേര്: പുരുഷനാണോ സ്ത്രീയാണോ എന്ന് രേഖപ്പെടുത്തും.

  5. കുടുംബാംഗങ്ങളുടെ എണ്ണം: ആകെ എത്ര പേർ താമസിക്കുന്നു.

  6. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: കുടുംബനാഥൻ ഈ വിഭാഗത്തിൽപ്പെട്ടയാളാണോ എന്ന്.

  7. വീടിന്റെ ഉടമസ്ഥാവകാശം: സ്വന്തം വീടാണോ അതോ വാടക വീടാണോ.

  8. മുറികളുടെ എണ്ണം: താമസത്തിനായി ഉപയോഗിക്കുന്ന മുറികൾ.

  9. കുടുംബത്തിലെ ദമ്പതികളുടെ എണ്ണം.

  10. കുടിവെള്ള സ്രോതസ്സ്: പൈപ്പ് വെള്ളം, കിണർ, കുഴൽക്കിണർ തുടങ്ങിയവ.

  11. കുടിവെള്ളത്തിന്റെ ലഭ്യത: വീടിനുള്ളിലാണോ അതോ പുറത്താണോ.

  12. പ്രകാശത്തിനുള്ള മാർഗ്ഗം: വൈദ്യുതി, മണ്ണെണ്ണ തുടങ്ങിയവ.

  13. ശുചിമുറി സൗകര്യം: ടോയ്‌ലറ്റ് സൗകര്യം ഉണ്ടോ, ഏത് തരത്തിലുള്ളതാണ്.

  14. പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം: LPG, വിറക്, ബയോഗ്യാസ് തുടങ്ങിയവ.

  15. അടുക്കള സൗകര്യം: വീടിനുള്ളിൽ പ്രത്യേക അടുക്കളയുണ്ടോ.

  16. ആസ്തികൾ: റേഡിയോ/ട്രാൻസിസ്റ്റർ, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം.

  17. വാഹനങ്ങൾ: സൈക്കിൾ, സ്കൂട്ടർ/മോട്ടോർ സൈക്കിൾ, കാർ/ജീപ്പ്.

  18. ബാങ്കിംഗ് സേവനം: കുടുംബത്തിലെ ആർക്കെങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ടോ.


രണ്ടാം ഘട്ടം: വ്യക്തിഗത വിവരങ്ങൾ

(Population Enumeration)


രണ്ടാം ഘട്ടത്തിൽ ഓരോ വ്യക്തിയെയും സംബന്ധിച്ച കൂടുതൽ വിശദമായ ചോദ്യങ്ങളുണ്ടാകും


  1. വ്യക്തിയുടെ പേര്.

  2. ലിംഗഭേദം.

  3. ജനനത്തീയതിയും പ്രായവും.

  4. വൈവാഹിക അവസ്ഥ (Marital Status).

  5. വിവാഹസമയത്തെ പ്രായം.

  6. മതം.

  7. ജാതി (Caste): ഇതാദ്യമായി ഡിജിറ്റൽ സെൻസസിൽ പ്രത്യേകമായി ഉൾപ്പെടുത്തുന്നു.

  8. മാതൃഭാഷയും അറിയാവുന്ന മറ്റ് ഭാഷകളും.

  9. സാക്ഷരതയും വിദ്യാഭ്യാസ യോഗ്യതയും.

  10. തൊഴിൽ: ചെയ്യുന്ന ജോലിയുടെ സ്വഭാവം, ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം.

  11. സ്ഥലംമാറ്റം (Migration): ജനിച്ച സ്ഥലമാണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കില്‍ എവിടെ നിന്ന് വന്നു.

  12. ജനനസ്ഥലം.

  13. വൈകല്യങ്ങൾ: ശാരീരികമോ മാനസികമോ ആയ പരിമിതികൾ ഉണ്ടോ എന്ന്.

  14. സന്താനോല്പാദന വിവരങ്ങൾ: സ്ത്രീകൾക്ക് ജനിച്ച കുട്ടികളുടെ എണ്ണം.

  15. യാത്രാ സൗകര്യം: ജോലിസ്ഥലത്തേക്ക് പോകാൻ ഉപയോഗിക്കുന്ന മാർഗ്ഗം.

വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കുന്നതിന് ആധാർ നമ്പറോ മൊബൈൽ നമ്പറോ നൽകേണ്ടി വരാം. ഇത് നിർബന്ധമാണോ എന്നതിൽ അന്തിമ വിജ്ഞാപനം വന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home