സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെൻസസിന് തുടക്കം; ആദ്യഘട്ടത്തിൽ 33 ചോദ്യങ്ങൾ

പ്രതീകാത്മക ചിത്രം | AI
ന്യൂഡൽഹി: 2027 സെൻസസ് പ്രക്രിയയുടെ ഭാഗമായുള്ള വീടുകളുടെ കണക്കെടുപ്പിന് ബുധനാഴ്ച തുടക്കം. ഡൽഹി ഉൾപ്പടെ 11 സംസ്ഥാനങ്ങളിലാണ് സെൻസസ് ഇന്ന് മുതൽ ആരംഭിച്ചിട്ടുള്ളത്. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ കണക്കെടുപ്പ്. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസാണിത്.
2026 ഏപ്രിൽ ഒന്ന് മുതൽ 2027 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ട് ഘട്ടങ്ങളായാണ് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. കേരളത്തിൽ ജൂണിലാണ് ആദ്യ ഘട്ട സെൻസസ് ആരംഭിക്കുക. സെൽഫ് എന്യൂമറേഷന് ജൂൺ 16 മുതൽ 30 വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും.
ആദ്യഘട്ടത്തിൽ 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ അടിസ്ഥാനസൗകര്യവും കുടുംബ ജീവിതനിലവാരവും അളക്കുന്ന ചോദ്യങ്ങളാണ് ഉള്ളത്. കുടുംബനാഥൻ/കുടുംബനാഥ എസ്‌സി, എസ്‌ടി, പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ആളാണോയെന്ന ചോദ്യവുമുണ്ട്. സെൻസസിന്റെ ഭാഗമാകുന്ന വീടിന്റെ തറ, ചുവര്, മേൽക്കൂര തുടങ്ങിയവ നിർമിക്കാൻ ഉപയോഗിച്ച പ്രധാനവസ്‌തു, വീടിന്റെ അവസ്ഥ, താമസിക്കുന്നവരുടെ എണ്ണം, ദന്പതികളുടെ എണ്ണം, കുടുംബനാഥന്റെ/കുടുംബനാഥയുടെ പേര്, വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ, കുടിവെള്ള സ്രോതസ്, ശുചിമുറി, അഴുക്കുവെള്ളം പുറത്തുകളയാനുള്ള സംവിധാനം തുടങ്ങിയവയാണ് ചോദ്യവലിയുടെ ആദ്യഭാഗത്തുള്ളത്.
റേഡിയോ, ടിവി, ഇന്റർനെറ്റ്, ലാപ്‌ടോപ്പ്/കംപ്യൂട്ടർ, ടെലിഫോൺ/മൊബൈൽഫോൺ/ സ്‌മാർട്‌ഫോൺ, വാഹനം, എൽപിജി കണക്ഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് രണ്ടാംഭാഗത്ത്.
2011ലാണ് ഒടുവിൽ രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്. 2021ൽ നടത്തേണ്ട സെൻസസ് കോവിഡ് കാരണം വൈകി. എന്നാൽ, കോവിഡ് കഴിഞ്ഞിട്ടും ജനസംഖ്യാകണക്കെടുപ്പിൽ താൽപര്യം കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ നിസ്സംഗനിലപാടിന് എതിരെ പ്രതിഷേധം ശക്തമായി. തുടർന്നാണ്, ആറുവർഷത്തെ കാലതാമസത്തിനുശേഷം സെൻസസ് നടത്താൻ സർക്കാർ തീരുമാനിച്ചത്. വിവരശേഖരണത്തിനായി ഡിജിറ്റൽ ലേഒൗട്ട് മാപ്പ് (ഡിഎൽഎം),സെൻസസ് 2027 ഹൗസ്‌ലിസ്റ്റ് എന്നീ രണ്ട് മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്.










0 comments