ad
Deshabhimani

സിബിഎസ്ഇ പരീക്ഷാവീഴ്ച; കരാര്‍ കമ്പനിയുമായുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധം പുറത്ത്

CBSE
വെബ് ഡെസ്ക്

Published on Jun 02, 2026, 11:20 AM | 5 min read

ന്യൂഡൽഹി: ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തിയ ഓൺ-സ്‌ക്രീൻ മാർക്കിങ് രീതിയിൽ പാളിച്ചയുണ്ടായെന്ന് സിബിഎസ്ഇ തിടുക്കപ്പെട്ട് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ഇതിനായി കരാര്‍ ഏല്പിച്ച കമ്പനിയുടെ ഉന്നത ബന്ധങ്ങൾ പുറത്ത്. ഹൈദരബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എഡ്യുടെക് കമ്പനിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ബന്ധങ്ങൾ ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വീഴ്ചകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായി വിദ്യാര്‍ഥികൾ തന്നെയാണ് ഈ വിവരങ്ങളും പുറത്തു വിട്ടിരിക്കുന്നത്.


ലക്ഷകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ വീഴ്ചയിൽ കരാര്‍ കമ്പനിയെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു മന്ത്രാലയവും സര്‍ക്കാരും. ഇപ്പോൾ തിടുക്കപ്പെട്ട് വീഴ്ച സമ്മതിച്ചു. മാത്രമല്ല ഉത്തര കടലാസ് മാറിയതും സാങ്കേതിക പരാജയങ്ങളും കണക്കിലെടുത്ത് കമ്പനിക്ക് എതിരെ പിഴ ചുമത്തുമെന്നും പ്രഖ്യാപിച്ചു. കരാര്‍ കമ്പനിയുടെ ഉന്നത ബന്ധങ്ങൾ പുറത്തായതോടെ തിടുക്കപ്പെട്ടുള്ള മുഖം രക്ഷിക്കൽ ശ്രമങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.


വീഴ്ചയും ബന്ധങ്ങളും പുറത്തെത്തിച്ച്

വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഹാക്കേഴ്സ്


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ മകൾ പഠിച്ചത് അമേരിക്കയിലാണ്. വിദേശ പഠനത്തിനും പ്രവേശനത്തിനും പ്രാദേശിക രക്ഷിതാവ് ആവശ്യമാണ്. ഈ സമയത്ത് യു എസിൽ ഉത്തരവാദിത്തങ്ങൾ നിര്‍വ്വഹിച്ചിരുന്നത് രാധാകൃഷ്ണൻ ജയരാമൻ എന്ന വ്യക്തിയാണ്. ഇദ്ദേഹമാണ് സിബിഎസ്ഇയുടെ കരാര്‍ ലഭിച്ച കോംപ്റ്റ് എഡ്യുടെക് കമ്പനിയുടെ അഡീഷണൽ ഡയറക്ടര്‍.


ഐഐറ്റി മദ്രാസിലെ മുൻ പ്രൊഫസറായ എസ് സദഗോപൻ കോംപ്റ്റ് എഡ്യുടെക് കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ്. എന്നാൽ നിലവിലെ സിബിഎസ്ഇ പോർട്ടൽ തകരാറുകൾ പരിഹരിക്കാനും പരിശോധിക്കാനും ചുമതലപ്പെടുത്തിയത് നിലവിലെ ഐ ഐ റ്റി മദ്രാസ് ഡയറക്ടറായ വി കാമകോടിയെയാണ്. സോഷ്യൽ മീഡിയ ഇക്കാര്യത്തിലെ താത്പര്യങ്ങളുടെ വൈരുദ്ധ്യം ചര്‍ച്ച ചെയ്യുന്നു.


ഹാക്കര്‍ സേന തന്നെയാണ് ഈ കണ്ടെത്തലുകൾ എല്ലാം പുറത്തെത്തിച്ചിരിക്കുന്നത്. സിബിഎസ്ഇയുടെ ഒഎസ്എം പ്ലാറ്റ്‌ഫോമായ ‘ഓൺമാർക്കി’ലെ പിഴവുകൾ വെളിച്ചത്തുകൊണ്ടുവന്നത് ‘എത്തിക്കൽ ഹാക്കർ’മാരാണ്. ഇതോടെ മൂല്യനിർണയത്തിന് അവലംബിച്ച ഒഎസ്എം രീതി തന്നെ പിഴച്ചതാണെന്ന വിദ്യാർഥികളുടെ പരാതി ശരിയെന്നും തെളിഞ്ഞു. ഉത്തരക്കടലാസിന്റെ സ്‌കാൻചെയ്ത ഡിജിറ്റൽ പകർപ്പുനോക്കി മൂല്യനിർണയം നടത്തുന്ന ഈ രീതി ഇക്കൊല്ലമാണ് തിടുക്കപ്പെട്ട് നടപ്പാക്കിയത്. മാർക്ക് ഗണ്യമായി കുറഞ്ഞതോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ കുട്ടികളുടെ തിരക്കായി. ഇതിനിടെ പോർട്ടലിലെ തകരാർ ആശങ്കയായി. കുട്ടികൾ ഒന്നിച്ച് ശ്രമിച്ചതോടെ പുനർമൂല്യനിർണയ അപേക്ഷാനടപടികൾ തടസ്സപ്പെട്ടു. അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ഒന്നുമുതലെന്ന് പുതുക്കിനിശ്ചയിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും പുതുക്കിയപ്പോഴും പിഴവുകൾ ആവര്‍ത്തിച്ചു.


അപ്പോഴെല്ലാം കരാര്‍ കമ്പനിയെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു ഏജൻസിയും കേന്ദ്ര സര്‍ക്കാരും. ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യു ജി പരീക്ഷ ചോദ്യ ച്ചോർച്ചയെത്തുടർന്ന് റദ്ദാക്കേണ്ടി വന്നതിന് തൊട്ടു പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷാമൂല്യനിർണയത്തിലെ വീഴ്ചയും പുറത്തുവന്നത്. ഇത്രയും ഗുരുതരമായ സാഹചര്യം ദേശീയ പരീക്ഷകളുടെ രംഗത്ത് കേട്ടുകേൾവിയില്ലാത്തതാണ്. 2024 ൽ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. അന്ന് മൂവായിരത്തോളം കുട്ടികൾക്ക് പുനപരീക്ഷ നടത്തി മുഖം രക്ഷിക്കയായിരുന്നു. ചോദ്യ പേപ്പര്‍ പുറത്തെത്തിയത് സ്ഥിരീകരിച്ചതോടെ ഇടനിലക്കാരായ ഏതാനും പേരെ കേസിൽ ഉൾപ്പെടുത്തി തട്ടിപ്പിന്റെ വേരുകൾ പുറത്തു കാണാതെ നടപടി ചുരുക്കി. സംഭവത്തിന് ശേഷം എൻടിഎ മിണ്ടിയില്ല. പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ കെ രാധാകൃഷ്ണൻ കമ്മീഷനെ നിയമിച്ചു. പക്ഷേ നിര്‍ദ്ദേശങ്ങൾ അവഗണിച്ചു. സുപ്രീം കോടതി പോലും ഇക്കാര്യത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച സാഹചര്യം ഉണ്ടായി.


കാരാര്‍ കമ്പനിയെ എൻടിഎ

പേടിക്കുന്നതിലെ രഹസ്യം എന്താണ്


ഹൈദരബാദ് ആസ്ഥാനമായുള്ള കോംപ്ട് എഡ്യുടെക്കിന് ഇത്രവലിയ സ്വാധീനം എന്താണ്. ഈ കമ്പനിക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം കരാര്‍ വ്യവസ്ഥയിലെ ഒരു സുപ്രധാന നിബന്ധനയിൽ ഇളവ് വരുത്തിയത് ആരുടെ താത്പര്യമായിരുന്നു. സിബിഎസ്ഇ പ്രസ്തുത കമ്പനിക്ക് ഈ വര്‍ഷത്തെ കരാര്‍ പുതുക്കി നൽകിയത് ഡിസംബറിലാണ്. അതിന് മുമ്പായി 2025 ൽ തന്നെ കരാറിൽ വീഴ്ച വരുത്തിയാൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള വ്യവസ്ഥ പിൻവലിച്ചു നൽകിയിരുന്നു. സെപ്തംബറിലാണ് ഇതിനുള്ള ഭേദഗതി നടപ്പാക്കിയത്. കരാര്‍ കമ്പനിക്ക് സ്വന്തമായി ഡാറ്റാ സെന്റര്‍ വേണമെന്ന നിബന്ധനയും ഇതോടൊപ്പം വെട്ടി മാറ്റി. ഓഗസ്റ്റ് വരെ ഈ രണ്ട് വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇതോടൊപ്പം, മൂല്യനിർണ്ണയത്തിലെ തെറ്റുകൾക്ക് ചുമത്തേണ്ട പരമാവധി പിഴ പരിധിയായ 0.5% എന്ന നിബന്ധന ഒഴിവാക്കി. സ്കാനിംഗ് ഇൻഫ്രാസ്ട്രക്ചറിനുള്ള യോഗ്യതകളിലും ഇളവ് നൽകി. ഭേദഗതികൾ വഴി, ഇത്രയും വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കാൻ പോകുന്ന സ്ഥാപനത്തിന് ഡാറ്റാ സെന്റര്‍ പോലും ആവശ്യമില്ലെന്ന ഔദാര്യം അനുവദിച്ചു.


ഇതിനിടെ, ഇന്ത്യയിലെ പാസ്പോര്‍ട് സേവനങ്ങൾ ഉൾപ്പെടെ ജോലികൾ ഒന്നിച്ച് വീതിച്ചു നൽകിയ ടി സി എസ് കരാറിനായി ശ്രമിച്ചിരുന്നതായുള്ള വാര്‍ത്തകളും പുറത്ത് വരികയാണ്. ടിസിഎസിനെ മറികടന്ന് വ്യവസ്ഥകളിൽ പോലും വെള്ളം ചേര്‍ത്ത് കരാര്‍ നേടിയെടുക്കാനുള്ള ഉന്നത സ്വാധീനം കോംപ്ട് എഡ്യുടെക്കിന് ഉണ്ടായിരുന്നു.


നാല് കമ്പനികൾ സിബിഎസ്ഇയുടെ ടെണ്ടറിൽ പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തിൽ ഈ ടെണ്ടര്‍ പരസ്യം ഓൺലൈൻ പോര്‍ടലിൽ നിന്ന് അപ്രത്യക്ഷമായത് വിവാദമായിരുന്നു. ആര്‍ക്കോ രഹസ്യമായി നൽകാൻ എന്നായിരുന്നു വാര്‍ത്തകൾ. ഇത് പിന്നീട് പരാതി ഉയര്‍ന്നതോടെ തിരുത്തി. രണ്ടാം ഘട്ടത്തിലാണ് നാല് കമ്പനികൾ എത്തുന്നത്. എന്നാൽ സാങ്കേതിക യോഗ്യതകൾ (Technical Specifications) ആർക്കും ഇല്ലാത്ത എന്ന് പറഞ്ഞ് ടെൻഡർ റദ്ദാക്കി. മൂന്നാം ഘട്ടത്തിലാണ് നിബന്ധനകൾ ഭേഗഗതികൾ വഴി നേര്‍പ്പിച്ച് കോംപ്ട് എഡ്യുടെക്കിന് നറുക്ക് വീഴ്ത്തി നൽകുന്നത്.


പിഴവുകളുടെ ചരിത്രമുള്ള കമ്പനി

പേരുമാറ്റി കരാര്‍ ഒപ്പിച്ചു


'ഗ്ലോബറേന ടെക്നോളജീസ്' (Globarena Technologies) എന്ന പഴയ പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി, 2019-ൽ തെലങ്കാനയിലെ ഇന്റർമീഡിയറ്റ് പരീക്ഷാ ഫല പ്രഖ്യാപനത്തിൽ വരുത്തിയ വലിയ വീഴ്ചകളും ക്രമക്കേടുകളും കൂടി ഇപ്പോൾ പുറത്തെത്തിയിട്ടുണ്ട്. പിഴവുകളുള്ള ചരിത്രമുള്ള കമ്പനിയായിരുന്നു കോംപ്ട് എഡ്യുടെക്.


പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് കുട്ടികളെ ഇവർ തോൽപ്പിച്ചു. പരീക്ഷയ്ക്ക് ഹാജരായവരെ 'Absent' എന്ന് രേഖപ്പെടുത്തുകയും, മാർക്കുകൾ കൂട്ടിയതിൽ വൻ അബദ്ധങ്ങൾ വരുത്തുകയും ചെയ്തു. ഈ തെറ്റായ ഫലം കണ്ട് മനംനൊന്ത് ഇരുപതിലധികം വിദ്യാർത്ഥികളാണ് അന്ന് തെലങ്കാനയിൽ ജീവനൊടുക്കിയത്. തുടർന്നുണ്ടായ വൻ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് കമ്പനി പേര് മാറ്റി 'കോഎംപ്റ്റ് എഡ്യൂടെക്' എന്നാക്കിയത്.


വിദ്യാര്‍ഥികളുടെ ഡാറ്റയും ചോര്‍ന്നു


കോഎംപ്റ്റ് കമ്പനി വിദ്യാർത്ഥികളുടെ 2026-ലെ യഥാർത്ഥ ഉത്തരക്കടലാസുകളും ചോദ്യപ്പേപ്പറുകളും സൂക്ഷിച്ചിരുന്നത് ആമസോൺ വെബ് സർവീസസിന്റെ പൊതുവായ സ്റ്റോറേജിലായിരുന്നു. ഇതിന് യാതൊരുവിധ പാസ്‌വേഡ് സുരക്ഷയോ ഓഥന്റിക്കേഷനോ ഉണ്ടായിരുന്നില്ല. ആർക്കും ഇത് ആക്‌സസ് ചെയ്യാൻ കഴിയുന്ന അവസ്ഥയിലായിരുന്നു.


സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്കും ലോഗിൻ ചെയ്യാൻ നൽകിയിരുന്ന ഒറ്റിപി സംവിധാനം വളരെ എളുപ്പത്തിൽ മറികടക്കാൻ കഴിയുമായിരുന്നു. ക്വാളിറ്റി അഷ്വറൻസ് എഞ്ചിനീയർമാർ തയ്യാറാക്കിയ ഓട്ടോമേഷൻ സ്ക്രിപ്റ്റുകളിൽ ഗൂഗിളിന്റെ 'ജെമിനി' എഐ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഡാറ്റ ഇത്തരം വിദേശ സെർവറുകളിലേക്ക് പ്രോസസ്സിംഗിനായി അയക്കപ്പെട്ടു എന്നത് രാജ്യത്തിന്റെ 'ഡാറ്റാ പരമാധികാരത്തിന്' വിരുദ്ധമാണെന്ന അടിസ്ഥാന അറിവ് പോലും സിബിഎസ്സി പുലര്‍ത്തിയില്ല.


കേന്ദ്ര മന്ത്രാലയം വിശദീകരണം ചോദിച്ചു

തകരാര്‍ ആവര്‍ത്തിച്ചതോടെ വീണ്ടും ചോദിച്ചു


ആദ്യ ഘട്ടം പരാതി ഉയര്‍ന്നപ്പോൾ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. കരാര്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോര്‍ട് ആവശ്യപ്പെട്ടതായായിരുന്നു വാര്‍ത്തകൾ. ഈ റിപ്പോര്‍ടിന് മുകളിൽ എന്ത് അന്വേഷണം നടത്തി എന്ത് നടപടികൾ എടുത്തു എന്ത് കണ്ടെത്തി എന്നത് അവ്യക്തമാണ്. ഇതിനിടെ ഉത്തരവാദിത്തരാഹിത്യവും വീഴ്ചകളും ആവര്‍ത്തിച്ചു. ഇപ്പോൾ രണ്ടാം തവണയും വിശദീകരണം തേടിയിരിക്കയാണ്. വീഴ്ചയും വീഴ്ചകൾ വരുത്തിയിട്ടും നടപടികൾ ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞതിനു പിന്നിലെ പിൻബലവും ഇവിടെ പുറത്തെത്തുന്നു. റിപ്പോര്‍ട് തേടൽ എന്ന ഔപചാരിക നടപടിയിൽ പതിവ് പോലെ എല്ലാം ഒതുങ്ങുകയാണ്.


വാ തുറന്നാൽ പാക് ബന്ധ പട്ടം


മൂന്ന് വിദ്യാർഥികൾ നടത്തിയ ഇടപെടലുകളാണ് ദേശീയതലത്തിൽ ഈ വീഴ്ചകൾ ചർച്ചയാക്കിയത്. ഉത്തരക്കടലാസ് മാറിക്കിട്ടിയത് പോസ്റ്റ് ചെയ്ത പ്ലസ്ടു വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയാണ് ആദ്യത്തേത്. അവന്റെ വിദ്യാര്‍ഥിയായ ജോഷ്ഠ സഹോദരനും വീഴ്ച പുറത്തെത്തിക്കുന്നതിൽ ഒന്നിച്ച് നിന്നു. പാകിസ്ഥാനിയെന്നും ദേശദ്രോഹിയെന്നും മുദ്ര ചാര്‍ത്തി ആക്രണത്തിന് ഇരുവരും വിധേയരായി.


പ്ലസ്ടു വിദ്യാർഥിതന്നെയായ പതിനേഴുകാരനായ സാർഥക് സിദ്ധാന്താണ് ഇതിനിടയിലെ അവിഹിതങ്ങൾ പുറത്തെത്തിച്ചത്. സൈബർ രംഗത്ത് പ്രവർത്തിക്കുന്ന സാർഥക് ഒഎസ്എം. കരാറെടുത്ത കമ്പനിയുടെ ചരിത്രവും രഹസ്യ ബന്ധങ്ങളും ചികഞ്ഞു. കമ്പനിക്ക് കരാർ അനുവദിച്ചപ്പോൾ സിബിഎസഇ നൽകിയ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് അവൻ വഴിയാണ്. സാർത്ഥക് സിദ്ധാന്ത് സിബിഎസ്ഇയുടെ ടെൻഡർ രേഖകൾ നുഴഞ്ഞു കയറി പരിശോധിച്ച ശേഷമാണ് വിവരങ്ങൾ പുറത്തുവിട്ടത്.


പോർട്ടലിന്റെ സൈബർ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരിയെന്ന പത്തൊൻപതുകാരനാണ്. ഉത്തര കടലാസുകൾ ആര്‍ക്കും കാണാനും എടുക്കാനും കഴിയുന്ന അത്രയും സുരക്ഷാ വേലികൾ ഇല്ലാത്തതായിരുന്നു കരാര്‍ കമ്പനികളുടെ നിര്‍വ്വഹണം.


ഈ പ്ലാറ്റ്‌ഫോം നടത്തുന്ന 'കോഎംപ്റ്റ് എഡ്യൂടെക്' (Coempt EduTeck) കമ്പനിയുടെ സിഇഒ വിഎസ്എൻ രാജു, ബോർഡിന്റെ ഡാറ്റയോ സിസ്റ്റമോ ചോർന്നിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, എത്തിക്കൽ ഹാക്കർ നിസർഗ അധികാരി ഈ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളും വിവരങ്ങളും അടങ്ങിയ ആമസോൺ വെബ് സർവീസസ് (AWS) സ്റ്റോറേജ് പരസ്യമായി ആർക്കും ആക്സസ് ചെയ്യാവുന്ന രീതിയിലായിരുന്നു എന്ന് ചൂണ്ടികാട്ടി. ഇതേത്തുടർന്ന് പോർട്ടൽ താൽക്കാലികമായി ഓഫ്ലൈൻ ആക്കേണ്ടി വന്നു.


ഉത്തര കടലാസ് തെറ്റായി നൽകിയ വേദാന്തിന് പിന്നീട് യഥാർഥ ഉത്തരക്കടലാസ് നൽകി. നിസർഗ ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതായി അറിയിപ്പിറക്കി. തലയൂരാൻ ശ്രമങ്ങൾ ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കരാർ സംബന്ധിച്ച സാർഥകിന്റെ വെളിപ്പെടുത്തൽ പുറത്തെത്തുന്നത്. ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധങ്ങളും വെളിച്ചത്തായി. കേന്ദ്ര ഭരണത്തിലെ പല നേതാക്കളുടെയും ബന്ധങ്ങൾ ചോര്‍ന്നു തുടങ്ങുന്നു. അപ്പോഴും ഈ വിഷയങ്ങളിൽ, കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ മൗനം തുടരുകയാണ്.










Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home