സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ നടപടി; തുക തിരികെ നൽകുമെന്ന് അധികൃതർ

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന് പിന്നാലെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് പകർപ്പിനുമായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ സിബിഎസ്ഇ നടപടി സ്വീകരിക്കുന്നു.
സാങ്കേതിക തകരാറുകൾ മൂലം അധിക തുക ഈടാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആ തുക തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. പുനർമൂല്യനിർണയ പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ തുക പല വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിരുന്നു.
100 രൂപയ്ക്ക് പകരം ആയിരക്കണക്കിന് രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സാങ്കേതിക പിഴവ് സിബിഎസ്ഇ തിരിച്ചറിഞ്ഞത്.
ബാങ്കുകളിൽ നിന്നുള്ള വിവരങ്ങളും പോർട്ടലിലെ ഇടപാടുകളും പരിശോധിച്ച ശേഷം അധികമായി ഈടാക്കിയ തുക ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തിരികെ നൽകുമെന്ന് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
പണം നഷ്ടപ്പെട്ടെങ്കിലും പോർട്ടലിൽ അപേക്ഷ പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും അടിയന്തര പരിഹാരം ഉറപ്പാക്കും. നേരത്തെ, ഓൺ-സ്ക്രീൻ മൂല്യനിർണയത്തിലെ അവ്യക്തതയും അമിത ഫീസ് ഈടാക്കുന്നതും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.
വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ ഇടപെടൽ. അതേസമയം, ലഭിച്ച ഉത്തരക്കടലാസ് പകർപ്പുകൾ അവ്യക്തമാണെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു.
അപേക്ഷകർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായ രീതിയിൽ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശമുണ്ട്.










0 comments