ad
Deshabhimani

കാവേരി പ്രതിഷേധം; കർണാടകയിൽ വിജയ്‌യുടെ 'ജന നായകൻ' പ്രദർശനങ്ങൾ റദ്ദാക്കി

jananayakan

പ്രതിഷേധക്കാർ മാണ്ഡ്യയിൽ 'ജന നായകൻ' സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറുന്നു| Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 31, 2026, 03:39 PM | 1 min read

ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകിയതിനെതിരെ കർണാടകയിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ, വിജയ്‌യുടെ പുതിയ ചിത്രമായ 'ജന നായകൻ' പ്രദർശനങ്ങളെ അത് ബാധിച്ചു. നിയമ സമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ നിരവധി തിയേറ്റർ ഉടമകൾ സിനിമയുടെ പ്രദർശനം സ്വമേധയാ താൽക്കാലികമായി നിർത്തിവച്ചു.


ജൂലൈ 23-ന് റിലീസ് ചെയ്ത 'ജന നായകൻ' കർണാടകയിൽ ഏകദേശം 125 മുതൽ 150 വരെ തിയേറ്ററുകളിലായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ഇതിൽ 75-ലധികം സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളും ഏകദേശം 50 മൾട്ടിപ്ലെക്സ് സ്‌ക്രീനുകളും ഉൾപ്പെടുന്നു. പ്രതിഷേധം ശക്തമായതോടെ പല തിയേറ്ററുകളും ഷോകൾ റദ്ദാക്കുകയും വിജയ്‌യുടെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുകയും ചെയ്തു.


ബംഗളൂരുവിലെ ഉർവശി തിയേറ്ററിൽ പോലീസിന്റെ നിർദേശത്തെ തുടർന്ന് സിനിമയുടെ പ്രദർശനം നിർത്തിവച്ചു. തിയേറ്ററിലെ പോസ്റ്ററുകളും കട്ടൗട്ടുകളും നീക്കം ചെയ്തതോടൊപ്പം നിശ്ചയിച്ചിരുന്ന ഷോകൾക്ക് പകരം കന്നഡ ചിത്രം 'കരാവളി' പ്രദർശിപ്പിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തിയേറ്ററിന് പുറത്ത് സുരക്ഷ ശക്തമാക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


മണ്ഡ്യയിലും കാവേരി ജലവിഹിത തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായി. പ്രോ കന്നഡ സംഘടനകളുടെ പ്രവർത്തകർ 'ജന നായകൻ' സിനിമയുടെ പ്രചാരണ ബാനറുകൾ നീക്കം ചെയ്തു. തമിഴ്നാട് കാവേരി വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം കൂടുതൽ രൂക്ഷമായത്. സിനിമാ പ്രദർശനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ കർണാടക ഫിലിം ചേംബർ യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യവും തുടർനടപടികളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി നൽകിയ ശുപാർശ അംഗീകരിച്ച് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ കർണാടകയിലെ കർഷകരും പ്രോ കന്നഡ സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സംസ്ഥാനത്ത് തന്നെ കടുത്ത ജലക്ഷാമം നിലനിൽക്കുന്നതിനാൽ തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home