ad
Deshabhimani

അസുഖബാധിതയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ

crime murder
വെബ് ഡെസ്ക്

Published on Aug 20, 2026, 07:15 PM | 1 min read

ചെന്നൈ: അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള മണവൂർ റെയിൽവേ സ്റ്റേഷനിൽ 71കാരിയായ അമ്മ എസ് പദ്മാവതിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 44കാരനായ മകൻ അറസ്റ്റിലായി. ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ എസ് പാർത്ഥസാരഥിയാണ് അറസ്റ്റിലായത്.


ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ യേലഗിരി എക്സ്പ്രസ് സ്റ്റേഷനിലേക്ക് വരുമ്പോൾ പാർത്ഥസാരഥി വീൽചെയറിലിരുന്ന അമ്മയെ ട്രാക്കിലേക്ക് തള്ളിയിടുകയും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നു. പദ്മാവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടക്കത്തിൽ ട്രെയിൻ തട്ടിയുള്ള അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും, ട്രാക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വീൽചെയർ കണ്ടത് സംശയത്തിനിടയാക്കി.


തുടർന്ന് റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പാർത്ഥസാരഥി അമ്മയെ തള്ളിയിടുന്നത് കണ്ടത്. ആർക്കോണം ഗവൺമെന്റ് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗം ബാധിച്ച് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പദ്മാവതി.


അസുഖബാധിതനായ ജ്യേഷ്ഠനെയും അമ്മയെയും പരിചരിക്കേണ്ടി വന്നതും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബപ്രശ്നങ്ങളും പാർത്ഥസാരഥിയെ അസ്വസ്ഥനാക്കുകയായിരുന്നു. മദ്യപാനിയായ പാർത്ഥസാരഥി അമ്മയുടെ പെൻഷൻ പണം ഉപയോഗിച്ചാണ് പതിവായി മദ്യം വാങ്ങിയിരുന്നത്. സംഭവദിവസം മദ്യപിച്ചെത്തിയ ഇയാൾ മദ്യം വാങ്ങാൻ വീണ്ടും പണം ചോദിച്ചപ്പോൾ അമ്മ നൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം. പദ്മാവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home