ad
Deshabhimani

വിദ്യാർത്ഥികൾക്കുനേരെയും ആക്രമണം; പുന്നമൂട് സ്‌കൂളിന് മുന്നിൽ നിന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചു

Nemom.jpg

വിദ്യാർത്ഥികൾക്ക് മർദനമേറ്റ പാടുകൾ

വെബ് ഡെസ്ക്

Published on Aug 20, 2026, 07:33 PM | 1 min read

നേമം: തിരുവനന്തപുരം നേമം പുന്നമൂട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ നിന്ന വിദ്യാർഥികളെ മർദിച്ച് പൊലീസ്. വ്യാഴം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികൾ സ്‌കൂളിനുള്ളിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായിരുന്നു. സംഭവം നടന്ന് കുറെ സമയം കഴിഞ്ഞ് സ്ഥലത്തെത്തിയ നേമം പൊലീസ്  പരീക്ഷ കഴിഞ്ഞിറങ്ങി സ്‌കൂളിന് മുന്നിൽ നിന്ന വിദ്യാർഥികളെ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു.


സ്‌കൂളിൽ നടന്ന സംഘർഷത്തിൽ ഉൾപ്പെടാത്ത നിരപരാധികളായ വിദ്യാർഥികളെയാണ് പൊലീസ് തല്ലിചതച്ചത്. എസ്എഫ്ഐ സ്കൂൾ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെയാണ് മർദ്ദിച്ചത്. സിവിൽ ഡ്രസ്സിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർഥികൾ ബാലവകാശ കമ്മിഷനുൾപ്പെടെ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.


സംഭവത്തിൽ എസ്എഫ്ഐ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ​വിദ്യാലയ മുറ്റത്ത് വച്ച് വിദ്യാർത്ഥികൾക്ക് നേരെ കായികമായ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസിന്റെ ഭാഗത്തുനിന്നും വിദ്യാർത്ഥികൾക്ക് നേരെ ഇത്തരത്തിലുള്ള അനാവശ്യമായ അതിക്രമങ്ങളും ഭയപ്പെടുത്തുന്ന സമീപനങ്ങളും ഉണ്ടാകുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.


ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ അവസാനിപ്പിക്കാൻ തയ്യാറാകണം. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.


വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനും അധികാരികൾ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home