കാവേരി തർക്കം; തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകക്ക് നിർദേശം

Image Credit : Britannica
ബെംഗളൂരു : തമിഴ്നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയിൽ നിന്ന് വിട്ടുകൊടുക്കണമെന്ന് കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും ശരിവെച്ചു. ഡൽഹിയിൽ ചേർന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ തീരുമാനം. തമിഴ്നാടിന് 15 ദിവസത്തേക്ക് ജലം വിട്ടുനൽകാനാണ് നിർദേശം.
കർണാടക ഈ നിർദേശത്തെ എതിർക്കുകയും കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. വരൾച്ച ചൂണ്ടിക്കാട്ടി ജലം നൽകാനാവില്ലെന്ന കർണാടകയുടെ വാദം അതോറിറ്റി തള്ളുകയായിരുന്നു. ഉത്തരവിന് പിന്നാലെ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഓഗസ്റ്റ് രണ്ടിന് സർവകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തമിഴ്നാടിന് ജലം വിട്ടുകൊടുക്കുന്നതിനെതിരെ കർണാടകയിലെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കിടയിൽ കാവേരി നദീജലം പങ്കുവെക്കുന്നതിനെ കുറിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണ് കാവേരി നദീജല തർക്കം. ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന നദിയാണെങ്കിലും ഉത്ഭവം കർണാടകയിലായതിനാൽ മഴക്കുറവുള്ള വർഷങ്ങളിൽ ജലം തുറന്നു വിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടാകാറുണ്ട്.









0 comments