'എനിക്ക് സ്നേഹം വേണം' ലൈവ് സ്ട്രീമിനിടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി വ്ലോഗർ; നില ഗുരുതരം

അനുരാഗ് ഡോഭാൽ ലൈവ് സ്ട്രീമിംഗിനിടെ
മീററ്റ്: പ്രമുഖ മോട്ടോ വ്ലോഗറും മുൻ ബിഗ് ബോസ് താരവുമായ അനുരാഗ് ഡോഭാൽ 150 കിലോമീറ്റർ വേഗതയിൽ കാറോടിച്ച്കൊണ്ട് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി. അതീവ ഗുരുതരാവസ്ഥയിലായ അനുരാഗിനെ മീററ്റിലെ സുഭാരതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിലായിരുന്നു സംഭവം.
തന്റെ ടൊയോട്ട ഫോർച്യൂണർ കാറിൽ അതിവേഗത്തിൽ സഞ്ചരിക്കവെയാണ് അനുരാഗ് ഇൻസ്റ്റാഗ്രാമിൽ ലൈവ് വന്നത്. വികാരാധീനനായിരുന്ന അദ്ദേഹം ലൈവിൽ, അമ്മയോട് കണ്ണീരോടെ തന്നെ സ്നേഹിക്കണമെന്ന് അപേക്ഷിക്കുന്നത് കാണാമായിരുന്നു. "അടുത്ത ജന്മത്തിലെങ്കിലും എന്നെ സ്നേഹിക്കണം" എന്ന് പറഞ്ഞതിന് പിന്നാലെ 150 കിലോമീറ്റർ വേഗതയിൽ പോവുകയായിരുന്ന വാഹനം റോഡിലെ ബാരിയറിലേക്ക് മനഃപൂർവ്വം ഇടിച്ചുകയറ്റുകയായിരുന്നു.
ഏകദേശം 82,000 പേർ തത്സമയം ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെയായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിന് ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോയിൽ, തന്റെ കുടുംബത്തിൽ നിന്നുള്ള കടുത്ത മാനസിക പീഡനത്തെക്കുറിച്ച് അനുരാഗ് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹത്തെ വീട്ടുകാർ അംഗീകരിച്ചില്ലെന്നും താൻ കടുത്ത വിഷാദത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ മാതാപിതാക്കൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും, തന്റെ തകർച്ചയ്ക്ക് കുടുംബമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ മാനസിക സംഘർഷങ്ങളെത്തുടർന്നാണ് അദ്ദേഹം ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നാണ് സൂചന.










0 comments