Deshabhimani

പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമം

ക്യാമറ തകർത്തു, ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചു; ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുനേരെയും നരനായാട്ട്

attack against media

photo credit: The News Minute video screengrab

വെബ് ഡെസ്ക്

Published on Oct 13, 2026, 11:01 AM | 2 min read

ന്യൂഡൽഹി : ജനാധിപത്യ സംരക്ഷണത്തിനായി ഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളായി ആയിരങ്ങളാണ് സമരം ചെയ്യുന്നത്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനായി നീതിപാലകരാകേണ്ട പൊലീസിനെ ഉപയോ​ഗിക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. പൊലീസിനു പുറമെ കേന്ദ്രസേനയും പ്രതിഷേധം അടിച്ചമർത്തുന്നതിന് രം​ഗത്തുണ്ട്. എന്നാൽ സമരക്കാരെ നിശബ്ദരാക്കുക മാത്രമല്ല, അവ പുറത്തുവരാതിരിക്കാനായി മാധ്യമപ്രവർത്തകരെയും ഉന്നം വയ്ക്കുന്ന കാഴ്ചയ്ക്കും ജന്തർ മന്തർ സാക്ഷിയായി. ഇരുപതിലധികം മാധ്യമപ്രവർത്തകരാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. മാധ്യമപ്രവർത്തകരാണെന്നു പറഞ്ഞിട്ടും വകവയ്ക്കാതെ മർദിച്ചതിന്റെയും ജയിൽ വണ്ടിയിലാക്കി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതിന്റെയും അനുഭവങ്ങൾ മാധ്യമപ്രവർത്തകർ തന്നെ തുറന്നുപറഞ്ഞു.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡൽഹിയിൽ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകർക്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായി. മാധ്യമപ്രവർത്തകരെ മർദിക്കുകയും ബലമായി കസ്റ്റഡിയിലെടുക്കുകയും ക്യാമറകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തതായി ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു.


media persons attacked by delhi policephoto credit: The News Minute video screengrab


മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിന് തടസ്സമുണ്ടാക്കരുതെന്ന് ഒക്ടോബർ 11ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും പൊലീസ് അതിക്രമം തുടർന്നതായി മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നു. തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടും പൊലീസ് തങ്ങളെ ബലമായി വാഹനങ്ങളിൽ കയറ്റുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി നിരവധി മാധ്യമപ്രവർത്തകർ വെളിപ്പെടുത്തി.


കേരളത്തിൽ നിന്നുള്ള 24, റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകരെ പൊലീസ് ഉപദ്രവിച്ചു. ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ സുഹൈൽ മുഹമ്മദിനെയും ക്യാമറാമാൻ രാഹുലിനെയും പൊലീസ് ബലമായി പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെയും പൊലീസ് വാഹനത്തിൽ കയറ്റി. മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടതിനെത്തുടർന്നാണ് ഇവരെ വിട്ടയച്ചത്.


സുർജിത് ഭവന് സമീപം പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകരായ റോഷ്നി രാജൻ, ഫർസ ടി എം ഉൾപ്പെടെയുള്ളവരെ ബലമായി നീക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ തിരിച്ചറിയൽ കാർഡുള്ള മാധ്യമപ്രവർത്തകരാണെന്ന് വ്യക്തമാക്കിയിട്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകിട്ടോടെയാണ് വിട്ടയച്ചത്.


media persons attacked by delhi policephoto credit: The News Minute video screengrab


കാരവൻ, ന്യൂസ് ലോൺട്രി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവരും മറ്റ് ഓൺലൈൻ- യൂട്യൂബ് മാധ്യമങ്ങളിൽ നിന്നുള്ളവരും പൊലീസ് നടപടിക്ക് വിധേയരായി. വനിത മാധ്യമപ്രവർത്തകരെയടക്കം ക്രൂരമായി ഉപ​ദ്രവിച്ചു. പൊലീസ് അതിക്രമത്തിൽ തന്റെ വസ്ത്രങ്ങൾ കീറിയതായി മാധ്യമപ്രവർത്തക പ്രഗ്യ മിശ്ര വ്യക്തമാക്കുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കൈകാലുകളിൽ പിടിച്ചുയർത്തി പൊലീസ് ബസിലേക്ക് പ്ര​ഗ്യയെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.


മാധ്യമപ്രവർത്തകരാണെന്ന് അവർത്തിച്ച് വ്യക്തമാക്കിയിട്ടും സഹകരിക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് മർ​ദനം തുടരുകയായിരുന്നുവെന്നാണ് അതിക്രമത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നത്. ചിലരെ പ്രതിഷേധസ്ഥലത്തുനിന്ന് ദൂരെയുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞുവച്ചു. ചിത്രീകരിച്ച ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതിനു ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്ന് പലരും വ്യക്തമാക്കുന്നത് സമര ദൃശ്യങ്ങൾ പുറത്തുവരുന്നതിലെ കേന്ദ്രത്തിന്റെ ഭയം വ്യക്തമാക്കുന്നു.


media persons attacked by delhi policephoto credit: The News Minute video screengrab


ജന്തർ മന്തറിന് സമീപം പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവർത്തകന്റെ ക്യാമറ പൊലീസ് പിടിച്ചെടുത്തതായും ക്യാമറ തിരികെ ലഭിച്ചപ്പോൾ ലെൻസ് തകർന്ന നിലയിലായിരുന്നെന്നും ബാറ്ററിയും മെമ്മറി കാർഡും നഷ്ടപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ പൊലീസിനു പുറമെ വലതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരും ഭീഷണിപ്പെടുത്തി. സമരത്തിനു പിന്നാലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്ന മൊളിറ്റിക്സ് എന്ന ഡിജിറ്റൽ മാധ്യമത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ലാതായി.


പ്രതിഷേധത്തിന്റെയും സമരക്കാരോട് പൊലീസും കേന്ദ്രസേനയും നടത്തുന്ന അതിക്രമത്തിന്റെയും ദൃശ്യങ്ങൾ പുറംലോകത്ത് എത്താതിരിക്കാൻ കേന്ദ്രം നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളാണ് മാധ്യമപ്രവർത്തകർക്കുനേരെയുള്ള അതിക്രമം വ്യക്തമാക്കുന്നത്. സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരിക്കെ നടപടികൾ തുടർന്നത് ​രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കുപോലും വിലയില്ലേ എന്ന ചോദ്യമാണ് ഉയർത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home