ad
Deshabhimani

ഡിജിറ്റൽ ചതിക്കുഴികൾ; ഓൺലൈൻ എഡ്യൂ പോർട്ടലുകൾക്ക് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

Consumer.jpg
വെബ് ഡെസ്ക്

Published on Jun 03, 2026, 04:18 PM | 2 min read

ന്യൂഡൽഹി: വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ രൂപകൽപ്പനകൾ ഉപയോഗിച്ച് പണം തട്ടിയതിന് പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഫിസിക്സ്‌വാലയ്ക്ക് (PhysicsWallah) അഞ്ച് ലക്ഷം രൂപയും സൈബർ സെക്യൂരിറ്റി കമ്പനിയായ മകഫിക്ക് (McAfee) ഒരു ലക്ഷം രൂപയും പിഴ.


കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇരു കമ്പനികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ചത്. ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുന്ന ഇത്തരം വ്യാജ ഡിജിറ്റൽ തന്ത്രങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യാനും സിസിപിഎ നിർദ്ദേശിച്ചിട്ടുണ്ട്.


ഉപഭോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ സാധനങ്ങൾ വാങ്ങിക്കുന്നതിലേക്കോ, സബ്‌സ്‌ക്രിപ്ഷനുകൾ എടുപ്പിക്കുന്നതിലേക്കോ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്കോ നയിക്കുന്ന കപട ഓൺലൈൻ രൂപകല്പനകൾ ഇവർക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


സിസിപിഎ നടത്തിയ സ്വമേധയായുള്ള അന്വേഷണത്തിൽ ഫിസിക്സ്‌വാല മൂന്ന് പ്രധാന ലംഘനങ്ങളാണ് നടത്തിയതെന്ന് കണ്ടെത്തി. കോഴ്‌സുകൾക്കായി പണമടയ്ക്കുന്ന ചെക്ക്ഔട്ട് പേജിൽ 'പിഡബ്ല്യു ഫൗണ്ടേഷനിലേക്ക്' 10 രൂപ സംഭാവന നൽകാനുള്ള ഓപ്ഷൻ ഉപഭോക്താവിന്റെ അനുമതിയില്ലാതെ കമ്പനി മുൻകൂട്ടി സെലക്ട് ചെയ്തുവെച്ചിരുന്നു.


ഈ സംവിധാനത്തിലൂടെ 2024 ഫെബ്രുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 21.37 ലക്ഷം ഉപഭോക്താക്കളിൽ നിന്നായി ഏകദേശം 2.5 കോടി രൂപ ഫിസിക്സ്‌വാല നിയമവിരുദ്ധമായി ഈടാക്കിയതായി കമ്പനി തന്നെ സമ്മതിച്ചു.


ഈ 10 രൂപയുടെ സംഭാവന ഒഴിവാക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളെ മാനസികമായി സമ്മർദ്ദത്തിലാക്കാൻ, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ദരിദ്രരുടെ വിവാഹം എന്നിവയെക്കുറിച്ചുള്ള വൈകാരിക സന്ദേശങ്ങൾ വെബ്‌സൈറ്റിൽ കാണിച്ചിരുന്നു. 'സൗജന്യ കോഴ്‌സുകൾ' എന്ന് പരസ്യം ചെയ്തവ ലഭ്യമാക്കുന്നതിന് വിദ്യാർത്ഥികളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകാൻ നിർബന്ധിച്ചിരുന്നു.


എന്നാൽ എല്ലാ അക്കൗണ്ടുകളിലും ഒരേ ഉള്ളടക്കം തന്നെയായിരുന്നതിനാൽ ഈ വിവരശേഖരണം തികച്ചും അനാവശ്യമായിരുന്നു എന്ന് അതോറിറ്റി കണ്ടെത്തി. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായതിനാൽ ഈ ചൂഷണം അതീവ ഗുരുതരമാണെന്ന് സിസിപിഎ നിരീക്ഷിച്ചു.


ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മകഫിയുടെ സബ്‌സ്‌ക്രിപ്ഷൻ പുതുക്കുന്ന രീതി ഉപഭോക്താക്കളിൽ ഭയം ജനിപ്പിക്കുന്നതാണെന്ന് സിസിപിഎ കണ്ടെത്തി. സബ്‌സ്‌ക്രിപ്ഷൻ കാലാവധി കഴിയുമ്പോൾ ഉപഭോക്താക്കൾക്ക് മുന്നിൽ 'ഇപ്പോൾ പുതുക്കുക' (Renew Now), 'അപകടസാധ്യത സ്വീകരിക്കുക' (Accept Risk) എന്നീ രണ്ട് ഓപ്ഷനുകൾ മാത്രമാണ് കമ്പനി നൽകിയത്.


സബ്‌സ്‌ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുമെന്ന തരത്തിൽ ഉപഭോക്താക്കളിൽ ഭയമുണ്ടാക്കി നിർബന്ധിതമായി പണം ഈടാക്കാനാണ് കമ്പനി ശ്രമിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home