print edition "അസ്സലാമു അലൈക്കും' പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

ബുഷറ ബാനോ
കൊൽക്കത്ത: വീഡിയോ സന്ദേശത്തിൽ ‘അസ്സലാമു അലൈക്കും, ഇൻഷാ അള്ളാഹ്’ എന്നിങ്ങനെ പറഞ്ഞതിന്റെ പേരിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വേട്ടയാടി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ. പശ്ചിം മേദ്നിപുർ ജില്ലയിലെ ഖരഗ്‌പുർ അഡീഷണൽ എസ്‌പിയായിരുന്ന ബുഷറ ബാനോയെയാണ് എസ്‌എപി ഫോർത്ത് ബറ്റാലിയനിലേക്ക് മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയത്.
സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ബുഷറ കഴിഞ്ഞദിവസം വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇൗ വീഡിയോയിൽ, മുസ്ലിംങ്ങൾ സാധാരണ ഉപയോഗിക്കുന്ന അഭിസംബോധനാ വാചകങ്ങൾ ഉൾപ്പെട്ടതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. പിന്നാലെ ബുഷറയുടെ ചിത്രങ്ങൾ ചേർത്തുകൊണ്ട് അധിക്ഷേപ പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിട്ടു.
സംഘപരിവാർ സംഘടനയായ ‘ഹിന്ദു ലീഗൽ ഫണ്ട്' ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ബിജെപി സർക്കാർ അതിവേഗം നടപടിയുമെടുത്തു. ഐപിഎസ് ഓഫീസർ വന്ദേമാതരം എന്നോ ജയ് ഹിന്ദ് എന്നോ വിളിച്ചില്ലെന്നാണ് ഹിന്ദു ലീഗൽ ഫണ്ടിന്റെ പരാതിയിൽ പറയുന്നത്. അസ്സലാമു അലൈക്കും പറഞ്ഞതിന്റെ പേരിൽ മുസ്ലിം ഉദ്യോഗസ്ഥയെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ പാർടികൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി ജയ്‌ശ്രീറാം മുഴക്കുന്ന രാജ്യത്ത് ഐപിഎസ് ഓഫീസർക്ക് അസ്സലാമു അലൈക്കും പറഞ്ഞുകൂടേയെന്ന് ‘ദി വയർ’ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ചോദിച്ചു.









0 comments