print edition കേന്ദ്രസർക്കാരിന്റെ നരനായാട്ടിലും പതറാതെ

ഡൽഹിയിൽ രാത്രി വെെകിയും തുടരുന്ന സമരത്തിൽ സിപിഐ എം ജനറല്‍സെക്രട്ടറി എം എ ബേബി, സിപിഐ എം ലോക്-സഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍, വി ശിവദാസന്‍ എംപി, എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവര്‍ അണിനിരന്നപ്പോൾ
ന്യൂഡൽഹി: പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസും അർധസേനയും അഴിച്ചുവിട്ടത് അതിക്രൂരമർദനം. ബാരിക്കേഡുകൾ തകർത്ത് അരലക്ഷത്തിലേറെ പ്രതിഷേധക്കാർ മുന്നേറിയതോടെ സമരവേദിയായ ജന്തർമന്തർ യുദ്ധക്കളമായി. ഗ്രനേഡും ലാത്തിയുമായി വിദ്യാർഥികളെ നേരിട്ട പൊലീസ് കാടത്തത്തെ ചെറുത്ത് സമരക്കാർ പാർലമെന്റ് കവാടം വരെ മുന്നേറി.
കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ജനകീയ പ്രതിരോധത്തിന് ഇന്ദ്രപ്രസ്ഥം സാക്ഷിയായി. പാർലമെന്റിലേക്ക് ഇരച്ചെത്തിയ ഒന്നിലേറെ മാർച്ച് തടയാൻ തുടർച്ചയായി ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തതോടെ ജന്തർമന്തറും പരിസരവും സംഘർഷഭരിതമായി. തിങ്കള്‍ രാവിലെ പത്തരയ്‌ക്ക് മാർച്ച് ആരംഭിച്ചതിന് പിന്നാലെ ഒന്നിലേറെ തവണ ലാത്തിവീശി അക്രമത്തിന് പൊലീസ് തുടക്കമിട്ടു. പാർലമെന്റ് കവാടങ്ങളെല്ലാം പൂട്ടി സിആർപിഎഫിനെ വെടിവയ്‌പ്പിന് സജ്ജമാക്കിയാണ് യുവജനമുന്നേറ്റത്തെ നേരിട്ടത്.
ജന്തർമന്തർ, കേരള ഹൗസ്, പാർലമെന്റ് കവാടങ്ങൾ, ടോൾസ്റ്റോയ് റോഡ്, സൻസദ് മാർഗ്, റായ്‌സീന റോഡ്, അശോക റോഡ്, ഫിറോഷ് ഷാ റോഡ്, പ്രസ്‌ക്ലബ്, വിജയ് ചൗക്ക്, പട്ടേൽ ചൗക്ക് എന്നിവിടങ്ങളിൽ അതിഭീകര മർദനമാണ് സേനകൾ അഴിച്ചുവിട്ടത്. പതിനഞ്ചുകാരിയുടെ തല പുരുഷപൊലീസ് അടിച്ചുതകർത്തുവെന്ന് സിജെപി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു.
വീണുകിടന്ന വിദ്യാർഥിനികളെ മുടിക്ക് കുത്തിപ്പിടിച്ച് പുരുഷ പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി. അമ്പതിലധികം പേർക്ക് തലയ്‌ക്ക് ഗുരുതര പരിക്കേറ്റു. കുഴഞ്ഞുവീണവർക്ക് വൈദ്യസഹായം പോലും നല്‍കിയില്ല. ചോരയൊലിച്ച് പൊലീസ് വാനിലേക്ക് മാറ്റിയവരെ വാനിലിട്ടും മർദിച്ചു. നിരവധി പേരുടെ കൈകാലുകൾ ഒടിഞ്ഞു. ഇരുപതോളം എസ്‌എഫ്‌ഐ പ്രവർത്തകരുടെ കൈയ്‌ക്ക് പൊട്ടലുണ്ട്.
ഗുജറാത്തിലെ നേതാവ് ഉർവശിയുടെ തല തല്ലിപ്പൊളിച്ചു. ആർഎംഎൽ ആശുപത്രിയിലാണിപ്പോൾ. കേന്ദ്ര സെക്രട്ടറിയറ്റംഗം സത്യേശ ല്യൂവയുടെ കാൽമുട്ടിനും പരിക്കുണ്ട്. പകല്‍ മൂന്നരയ്‌ക്ക് സിജെപിയുടെയും എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ് തുടങ്ങി ഇടത് വിദ്യാർഥി സംഘടനകളുടെയും സമരപ്പന്തലുകൾ തല്ലിത്തകർത്തത് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു.










0 comments