രാജസ്ഥാനിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകൾ പതിപ്പിച്ചു; രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികളോട് രാജ്യം വിടാൻ നിർദ്ദേശം

അജ്മീർ: രാജസ്ഥാനിലെ പുഷ്കറിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകൾ പതിപ്പിച്ച രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികളോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് രാജസ്ഥാൻ പൊലീസ്. ഇസ്രായേൽ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ചയാണ് ഇവർക്ക് 'ലീവ് ഇന്ത്യ' നോട്ടീസ് നൽകിയത്.
"ഫ്രീ പലസ്തീൻ", "ബോയ്ക്കോട്ട് ഇസ്രായേൽ" തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ ഒമ്പതോളം സ്റ്റിക്കറുകൾ പുഷ്കറിലെ വിവിധ പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചതാണ് ഇവർക്കെതിരായ നടപടിക്ക് കാരണം. ജനുവരി 21-നാണ് ഇത്തരം സ്റ്റിക്കറുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
സിഐഡി നടത്തിയ അന്വേഷണത്തിൽ 36 വയസ്സുള്ള ലൂയിസ് ഗബ്രിയേൽ ഡീ, അന്യൂഷി എമ്മ ക്രിസ്റ്റീൻ എന്നിവരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസ നിയമങ്ങളുടെ ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളോട് അനാദരവ് കാണിക്കുന്ന ഇത്തരം പ്രവൃത്തികൾ പ്രാദേശികമായ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025 പ്രകാരമാണ് നടപടി.
ചോദ്യം ചെയ്യലിൽ ഇവർ മാപ്പ് പറഞ്ഞെങ്കിലും നിയമലംഘനം കണക്കിലെടുത്ത് അടിയന്തരമായി രാജ്യം വിടാൻ ഉത്തരവിടുകയായിരുന്നു. ഇസ്രായേലി വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്ന മേഖലയാണ് പുഷ്കർ എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.










0 comments