ad
Deshabhimani

ബിജെപിയോട് ‘പോ മോനെ ദിനോശാ’; യുഡിഎഫ് പ്രകടനപത്രിക വെറും വഞ്ചനയെന്ന് ബൃന്ദ കാരാട്ട്

Brinda Karat
വെബ് ഡെസ്ക്

Published on Apr 02, 2026, 03:36 PM | 2 min read

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെയും കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധങ്ങളെയും അതിജീവിച്ച് കേരളം രാജ്യത്തിന് മാതൃകയായി മാറിയിരിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രിക അടുത്ത അഞ്ചുവർഷത്തെ കേരള വികസനത്തിന്റെ വ്യക്തമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്നും അവർ പറഞ്ഞു.


തിരുവനന്തപുരത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിലൂടെ ഭരണഘടനയെ അട്ടിമറിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ‘ലൗ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ തുടങ്ങിയ വിദ്വേഷ പദങ്ങൾ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി നോട്ടം.


എന്നാൽ ഒരു വർഗീയ കലാപം പോലും ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് കേരളം മുന്നോട്ട് പോകുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ കർണാടകയിൽ മാത്രം എഴുപതിനായിരത്തോളം വർഗീയ സംഘർഷങ്ങൾ ഉണ്ടായപ്പോൾ കേരളം മതേതരത്വത്തിന്റെ കാവലാളായി നിന്നു. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തുന്ന ബിജെപിയുടെ രാഷ്ട്രീയത്തോട് “പോ മോനേ ദിനോശാ” എന്നാണ് തനിക്ക് പറയാനുള്ളതെന്ന് ബൃന്ദ കാരാട്ട് പരിഹസിച്ചു.


ഗാസയിലും പലസ്തീനിലും ഇറാനിലും അമേരിക്ക നടത്തുന്ന യുദ്ധങ്ങൾ നമ്മുടെ നാട്ടിലെ 20 ശതമാനത്തോളം ആളുകളെ ബാധിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നിശബ്ദനാണ്. മോദിയുടെ വായിലിട്ടിരിക്കുന്ന പൂട്ടിന്റെ താക്കോൽ ട്രംപിന്റെ പോക്കറ്റിലാണെന്നും നുണ നിർമ്മാണ യൂണിറ്റുകൾ വഴിയാണ് മോദി ഭരണം നടത്തുന്നതെന്നും അവർ ആരോപിച്ചു. യുഡിഎഫിനെയും കോൺഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് ബൃന്ദ കാരാട്ട് വിമർശിച്ചത്.


തെലങ്കാനയിൽ സ്ത്രീകൾക്ക് 2500 രൂപ വാഗ്ദാനം നൽകി അധികരത്തിലെത്തിയ കോൺഗ്രസ് ഇതുവരെ ചില്ലിക്കാശ് പോലും നൽകിയിട്ടില്ല. വിദ്യാർത്ഥികളെയും കർഷകരെയും അവർ ഒരുപോലെ വഞ്ചിച്ചു. 200 ഓളം ജനപ്രതിനിധികൾ തവളകളെപ്പോലെ ബിജെപിയിലേക്ക് ചാടുമ്പോൾ കോൺഗ്രസിന് എങ്ങനെ മതേതരത്വം സംരക്ഷിക്കാൻ കഴിയുമെന്നും അവർ ചോദിച്ചു.


മാനിഫെസ്റ്റോ പുറത്തിറക്കുമ്പോൾ പോലും ഫോട്ടോയിൽ ഉൾപ്പെടാൻ തമ്മിൽ തല്ലുന്നവരാണ് കോൺഗ്രസ് നേതാക്കൾ. ആരോഗ്യ മേഖലയിലും സാമൂഹ്യ സുരക്ഷയിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിക്കുന്നതാണ്. എൽഡിഎഫ് പറയുന്നത് ചെയ്യും, ചെയ്യുന്നതേ പറയൂ എന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. രാജ്യത്ത് മതേതരത്വം സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് വ്യക്തമാക്കിയ അവർ എൽഡിഎഫിന്റെ ഉജ്ജ്വല വിജയത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home