‘ജനനായകൻ’ റിലീസ് തടഞ്ഞ കേന്ദ്രസർക്കാരിനെതിരെ മൗനം വെടിഞ്ഞ് വിജയ്

ചെന്നൈ: ജനനായകൻ സിനിമയുടെ റീലിസ് തടഞ്ഞ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി നടനും തമിഴക വെട്രി കഴകം പാർടി നേതാവുമായ വിജയ്. പൊങ്കൽ റിലീസായി തീയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്ന ചിത്രം സെൻസർബോർഡും കേന്ദ്രസർക്കാരും ചേർന്ന് ബോധപൂർവം വൈകിപ്പിക്കുകയാണെന്നും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന് കാരണം കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും വിജയ് പറഞ്ഞു. തഞ്ചാവൂരിലെ ടി വി കെ പാർടിയുടെ പ്രചാരണ റാലിയിലാണ് വിജയ് പ്രതികരിച്ചത്.
ടിവികെ കരൂരിൽ നടത്തിയ റാലിയിലെ ദുരന്തവും സിബിഐ കേസും ജനനായകന്റെ റിലീസ് മാറ്റിവച്ചതും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ സെൻസർ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും സമീപനത്തിനെതിരെ ശബ്ദമുയർത്തിയതിന് വിജയ് നന്ദി പറഞ്ഞു.
ചിത്രത്തിൽ സൈന്യത്തെ കുറിച്ചുള്ള പരാമർശങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് വിദഗ്‌ധ സമിതിയുടെ പരിശോധനയ്ക്കായി വിട്ടത്. റിലീസുമായി ബന്ധപ്പെട്ട് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.സെൻസർ ബോർഡിന്റെ നടപടികൾ പൂർത്തിയാക്കി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ചലച്ചിത്രലോകവും അണിയറപ്രവർത്തകരും.









0 comments