ആംബുലന്‍സ് കുഴിയില്‍ വീണു; ഉത്തര്‍പ്രദേശില്‍ മസ്തിഷ്ക മരണം ഉറപ്പിച്ച അന്‍പതുകാരിക്ക് 'ജീവന്‍ വച്ചു'

Photo Credit: X
ലഖ്നൗ: ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അന്‍പതുകാരിക്ക് തിരിച്ചു കിട്ടിയത് സ്വന്തം ജീവന്‍. ശരീരത്തിൽ ജീവൻ്റെ യാതൊരു സൂചനയുമില്ല എന്ന് ഡോക്ടർമാർ പ്രഖ്യാപിച്ച വിനീത ശുക്ല(50)യ്ക്കാണ് ബറേലി-ഹരിദ്വാർ NH-74 ലെ കുഴിയില്‍ വീണത് അനുഗ്രഹമായത്.
രക്ഷപ്പെടാൻ സാധ്യതയില്ലെന്ന അവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ നിന്ന് വിനീതയെ ഫെബ്രുവരി 24 ന് ഡിസ്ചാർജ് ചെയ്തു. ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യത തീരെ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുൽദീപ് വിനീതയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെ ഹൈവേയിലെ കുഴിയിൽ ആംബുലൻസ് വീഴുകയായിരുന്നു.
ഹാഫിസ്ഗഞ്ചന് സമീപം ഹൈവേയിലുള്ള വലിയ കുഴിയിൽ ഇടിച്ച് ആംബുലൻസ് ശക്തമായി കുലുങ്ങിയതായി കുൽദീപ് പറയുന്നു. തൊട്ടുപിന്നാലെ വിനീത സാധാരണനിലയില്‍ ശ്വാസമെടുത്തു. ഉടനടി വിനീതയെ പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യവതിയായി വിനീത വീട്ടിലേയ്ക്ക് മടങ്ങി. ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയതായും കുടുംബം പറയുന്നു.
പിലിബിത്തിലെ ജുഡീഷ്യൽ കോടതിയിൽ കോപ്പി വിഭാഗത്തിലെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന വിനീത, ഫെബ്രുവരി 22 ന് വീട്ടിലെ ജോലികൾ ചെയ്യുന്നതിനിടയിൽ ബോധരഹിതയാകുകയായിരുന്നു.










0 comments