അതിർത്തി ചർച്ച; ചൈന വിദേശമന്ത്രി നാളെ ഇന്ത്യയില്‍


സ്വന്തം ലേഖകൻ
Published on Aug 17, 2025, 02:39 AM | 1 min read
ന്യൂഡൽഹി : ചൈനയുടെ വിദേശമന്ത്രി വാങ് യി മൂന്നു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്‌ച ഇന്ത്യയിലെത്തും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഇന്ത്യ– ചൈന പ്രത്യേക പ്രതിനിധികളുടെ 24–ാം റൗണ്ട് ചർച്ചയിൽ വാങ് യി പങ്കെടുക്കും. ദേശീയ സുരക്ഷാഉപദേഷ്‌ടാവ് അജിത് ഡോവൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. വിദേശമന്ത്രി എസ് ജയ്‌ശങ്കറുമായും കൂടിക്കാഴ്‌ച നടത്തും. 2020ലെ ഗൽവാൻ സംഘർഷത്തിനുശേഷം ഇന്ത്യ– ചൈന ബന്ധം ഉലഞ്ഞിരുന്നു. ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ ചേർന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അടുത്തിടെ അതിർത്തി വിഷയം ചർച്ച ചെയ്യുന്നതിനായി സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈന സന്ദർശിച്ചു. ഷാങ്‌ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഇൗ മാസം ചൈനയിലേക്ക് പോകുന്നുണ്ട്. ട്രംപിന്റെ അധികതീരുവ പ്രഖ്യാപനത്തിന് പിന്നാലെ അതിവേഗത്തിലാണ് മോദി സർക്കാർ ചൈനയുമായി അടുക്കുന്നത്. ഇൗ വർഷത്തെ കൈലാസ് മാനസസരോവർ യാത്രയ്‌ക്ക് ചൈന അനുമതി നൽകിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയും നേരിട്ടുള്ള വിമാനസർവീസും പുനഃസ്ഥാപിക്കാനും മൂന്ന് അതിർത്തിപോസ്റ്റുകൾ വഴിയുള്ള വ്യാപാരം പുനരാരംഭിക്കാനും ധാരണയായി.










0 comments