മൃതദേഹം കടയ്ക്കരികിൽ ഉപേക്ഷിച്ചു; യുപിയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മീററ്റ്: തിരിച്ചറിയാത്ത മൃതദേഹം രാത്രിയിൽ മറ്റൊരിടത്തേക്ക് മാറ്റിയതിനെ തുടർന്ന് ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
ശാസ്ത്രി നഗർ എൽ-ബ്ലോക്ക് ക്രോസിംഗിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ, വെള്ളിയാഴ്ച പുലർച്ചെ 1.50 ഓടെ ഒരു മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വണ്ടിയിൽ കൊണ്ടുവന്ന മൃതദേഹം ഒരു കടയ്ക്ക് പുറത്ത് വെച്ച ശേഷം മടങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി പൊലീസ് അറിയിച്ചു.
രാവിലെ കടയ്ക്ക് പുറത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ലോഹിയാ നഗർ പൊലീസ് സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കോൺസ്റ്റബിൾ രാജേഷ്, ഹോം ഗാർഡ് റോഹ്താസ് എന്നിവരാണ് ഇ-റിക്ഷയിൽ മൃതദേഹം എൽ-ബ്ലോക്ക് ഏരിയയിൽ കൊണ്ടുവന്ന് വെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി മീററ്റ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വിപിൻ താഡ സ്ഥിരീകരിച്ചു.
ഇതിനെത്തുടർന്ന്, കോൺസ്റ്റബിൾ രാജേഷ്, ഹോം ഗാർഡ് റോഹ്താസ്, എൽ-ബ്ലോക്ക് ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് (സബ് ഇൻസ്പെക്ടർ) ജിതേന്ദ്ര എന്നിവരെ ഉടനടി സസ്‌പെൻഡ് ചെയ്തു. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി സൂപ്രണ്ട് ഓഫ് പൊലീസ് (സിറ്റി) ആയുഷ് വിക്രം സിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.









0 comments