'ബാഹുബലി' ഇന്ന് കുതിക്കും; 'ബ്ലൂബേർഡ്-6' വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ 'ബ്ലൂബേർഡ്-6' ഇന്ന് ഭ്രമണപഥത്തിലേക്ക്. ഇന്ത്യയുടെ 'ബാഹുബലി' എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ എഎസ്‌ടി സ്‌പേയ്‌സ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹം ശ്രീഹരിക്കോട്ടയി നിന്നാണ് വിക്ഷേപിക്കുക.
ഏകദേശം 6100 കിലോഗ്രാം (6.1 ടൺ) ഭാരമുള്ള ബ്ലൂബേർഡ്-6, ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണ്. ഇന്ന് രാവിലെ 8.54 ന് സതീഷ്‌ധവാൻ സ്‌പേയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. ഇതിനു മുന്നോടിയായുള്ള 24 മണിക്കൂർ കൗണ്ട്‌ഡൗൺ ചൊവ്വാഴ്‌ച തുടങ്ങി.
ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള എൽവിഎം 3 റോക്കറ്റിന്റെ ആറാമത്തെ വിജയകരമായ ഓപ്പറേഷണൽ ഫ്ലൈറ്റാണിത്. ടവറുകളും ഒപ്റ്റിബ് ഫൈബര്‍ കേബുകളുകളുമില്ലാതെ ഉപഗ്രഹത്തില്‍ നിന്നു നേരിട്ടു മൊബൈലുകളിലേക്ക് അതിവേഗ ഇന്റർനെറ്റ് സംവിധാനം എത്തിക്കുന്നിതിനുള്ള ഏറ്റവും ആധുനീകമായ ഉപഗ്രഹശൃഖലയുടെ ഭാഗമാണ് ബ്ലൂബേർഡ് ബ്ലോക്ക് 2.
ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്. ഇതിനു മൻപ് 4400 കിലോ ഭാരമുള്ള ഉപഗ്രഹം നവംബർ 2 ന് ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു.
സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. മുൻപ് ഇന്ത്യ വിക്ഷേപിച്ച വൺവെബ് ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയതാണ് ബ്ലൂബേർഡ്-6.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് ഈ കരാർ യാഥാർത്ഥ്യമായത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ച എൽവിഎം 3 റോക്കറ്റിന്റെ വിശ്വസ്തത ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ദൗത്യം.
ലോകത്തെ വൻകിട ബഹിരാകാശ ഏജൻസികളോട് കിടപിടിക്കുന്ന വിക്ഷേപണ സൗകര്യങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് ഈ അന്താരാഷ്ട്ര സഹകരണം അടിവരയിടുന്നു. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ലഭ്യമാകും.










0 comments