ഭർത്താവിനെ കൊന്ന് വീപ്പയിലാക്കിയ കേസ്; ഭാര്യ ജയിലിൽ പ്രസവിച്ചു, ഡിഎൻഎ പരിശോധന വേണമെന്ന് ഭർതൃവീട്ടുകാർ

മീററ്റ്: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം നീല ഡ്രമ്മിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാൻ ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി. സൗരഭ് രജ്‌പുതിനെയാണ് ഭാര്യയായ മുസ്കാനും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. നവംബർ 24-നായിരുന്നു കുഞ്ഞിന്റെ ജനനം. കൊല്ലപ്പെട്ട സൗരഭിന്റെ ജന്മദിനം കൂടിയാണ് നവംബർ 24 എന്നത് ശ്രദ്ധേയമാണ്. കുഞ്ഞിന് 'രാധ' എന്നാണ് മുസ്‌കാൻ പേരിട്ടിരിക്കുന്നത്. എന്നാൽ, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യവുമായി സൗരഭിന്റെ കുടുംബം രംഗത്തെത്തി.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുസ്‌കാനെ തിരികെ ജില്ലാ ജയിലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ആറു വയസ്സുവരെ കുട്ടിക്ക് അമ്മയോടൊപ്പം വനിതാ ബാരക്കിൽ കഴിയാമെന്നും, കുഞ്ഞിനാവശ്യമായ വസ്ത്രം, പോഷകാഹാരം, ചികിത്സ എന്നിവ ജയിൽ അധികൃതർ നൽകുമെന്നും ജയിൽ സൂപ്രണ്ട് വിരേഷ് രാജ് ശർമ്മ വ്യക്തമാക്കി. ആൺകുട്ടിയായിരുന്നെങ്കിൽ 'കൃഷ്ണ' എന്ന് പേരിടാനായിരുന്നു മുസ്‌കാൻ തീരുമാനിച്ചിരുന്നതെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സൗരഭിന്റെ സഹോദരൻ രാഹുലാണ് ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കാമുകൻ സാഹിൽ ശുക്ലയുമായി ചേർന്ന് മുസ്‌കാൻ സൗരഭിനെ കൊലപ്പെടുത്തി സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മുസ്‌കാൻ്റെ മൂത്ത മകളുടെയും ഇപ്പോൾ ജനിച്ച കുഞ്ഞിന്റെയും ഡിഎൻഎ പരിശോധിക്കണമെന്നും, സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാൽ മാത്രമേ ഇവരെ ഏറ്റെടുക്കൂ എന്നും രാഹുൽ പറഞ്ഞു. അല്ലെങ്കിൽ ഇവരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും സൗരഭിന്റെ അമ്മ രേണു രജ്‌പുതും വ്യക്തമാക്കി. മുസ്‌കാൻ അതിബുദ്ധിമതിയാണെന്നും കുട്ടികൾക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും രാഹുൽ ആരോപിച്ചു.
സൗരഭിന്റെ ജന്മദിനത്തിൽ തന്നെ കുഞ്ഞ് ജനിച്ചത് ആസൂത്രിതമാണെന്ന ആരോപണം ഡോക്ടർമാർ തള്ളി. പ്രസവം സ്വാഭാവികമായിരുന്നുവെന്നും തീയതി മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ലെന്നും ലാലാ ലജ്‌പത് റായ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാർച്ച് 4-നായിരുന്നു കേസിനാസ്പദമായ സംഭവം. സൗരഭിനെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം വെട്ടിനുറുക്കി സിമന്റ് നിറച്ച ഡ്രമ്മിലാക്കുകയുമായിരുന്നു. കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.










0 comments