മണൽ ഖനനത്തെ ചൊല്ലി തർക്കം
ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പടെ മൂന്നു പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

Photo: NDTV
റായ്പുർ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ ബിജെപി നേതാവ് ഉൾപ്പടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരത് സിംഗും സംഘവും സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ് യുവി ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി സോൻഹത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലാണ് ദാരുണ സംഭവം. മണൽ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മിൽ കുറച്ച് കാലമായി തർക്കം നിലനിന്നിരുന്നു. മണൽ കടത്തുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിങ്ങനെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭരത് സിംഗ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മായങ്ക് സിംഗ് എന്നയാൾ ഗുരുതരാവസ്ഥയിൽ ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മണൽ ഖനനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.










0 comments