ad
Deshabhimani

ഭീഷണി ഫോൺ കോൾ കേസിൽ തെളിവില്ല; ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെ മൂന്ന് പേരെ വെറുതെ വിട്ടു

lawrence bishnoi

ലോറൻസ് ബിഷ്‌ണോയി

വെബ് ഡെസ്ക്

Published on Mar 08, 2026, 06:21 PM | 1 min read

ന്യൂഡൽഹി: ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോടതി വെറുതെ വിട്ടു. ലോറൻസ് ബിഷ്‌ണോയിയെ കൂടാതെ ഹരേൻ ശരപ്ദാദിയ, ആശിഷ് ശർമ്മ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൂപുർ ഗുപ്ത കുറ്റവിമുക്തരാക്കിയത്. കേസിൽ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. പരാതിക്കാരനെ വധഭീഷണിയുയർത്തിയെന്നോ ശാരീരികമായി ഉപദ്രവിച്ചെന്നോ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.


രമൺ ദീപ് സിങ് എന്നയാൾ നൽകിയ പരാതിയിൽ സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. 2023 ഏപ്രിൽ 23നും 24നും ഇടയിൽ അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോളുകൾ വന്നതായും, ജീവൻ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ ഗൂഢാലോചന, വധഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു.


എന്നാൽ, ഫോൺ കോൾ റെക്കോർഡുകളോ മറ്റ് ശാസ്ത്രീയ തെളിവുകളോ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല, കേസ് പ്രധാനമായും സഹപ്രതികളുടെ മൊഴികളെ മാത്രമാണ് ആശ്രയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചുപറി (IPC 386) കുറ്റം നിലനിൽക്കണമെങ്കിൽ വസ്തുവകകളോ പണമോ കൈമാറ്റം ചെയ്യപ്പെടണം. എന്നാൽ ഈ കേസിൽ പണം ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നും കോടതി വ്യക്തമാക്കി.


പ്രതികൾക്ക് 20,000 രൂപയുടെ വ്യക്തിഗത ജാമ്യവും തുല്യമായ തുകയ്ക്കുള്ള ആൾജാമ്യവും കോടതി അനുവദിച്ചു. മാർച്ച് ആറിന് ജാമ്യരേഖകൾ സമർപ്പിച്ചതിനെത്തുടർന്ന് മൂന്ന് പേരെയും വിട്ടയക്കാനുത്തരവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home