ചെന്നൈയിൽ പക്ഷിപ്പനി ഭീതി; ആയിരത്തിലധികം കാക്കകൾ ചത്തൊടുങ്ങി, അതീവ ജാഗ്രതാ നിർദ്ദേശം

ചെന്നൈ: തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരത്തി അഞ്ഞൂറിലധികം കാക്കകൾ ചത്തൊടുങ്ങിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. അഡയാർ, വേളച്ചേരി, തിരുവാന്മിയൂർ തുടങ്ങിയ ഭാഗങ്ങളിലാണ് കാക്കകൾ വ്യാപകമായി ചത്തത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ച സാമ്പിളുകളിൽ എച്ച്5എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
രോഗം മറ്റ് പക്ഷികളിലേക്കും മനുഷ്യരിലേക്കും പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് നിർദ്ദേശം നൽകി. നിലവിൽ മനുഷ്യരിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വന്യപക്ഷികളുമായും വളർത്തുപക്ഷികളുമായും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചത്ത പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസും മാസ്കും ധരിക്കണം. പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. മാംസവും മുട്ടയും നന്നായി പാകം ചെയ്ത് മാത്രം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ പോൾട്രി ഫാമുകളിലും വെറ്റ് മാർക്കറ്റുകളിലും പരിശോധന കർശനമാക്കും.










0 comments