ad
Deshabhimani

ആകെ വോട്ടർമാർ 7.42 കോടി , അധികം ഒഴിവാക്കിയത് 3.66 ലക്ഷം പേരെ , വോട്ടുവെട്ടൽ സുപ്രീംകോടതി നിർദേശം ലംഘിച്ച്

ബിഹാറിൽ അന്തിമ പട്ടികയായി ; 69 ലക്ഷം വോട്ട് വെട്ടി

bihar voters list scam
avatar
റിതിൻ പൗലോസ്‌

Published on Oct 01, 2025, 03:25 AM | 1 min read


ന്യൂഡൽഹി

പ‍ൗരത്വ രജിസ്റ്റർ അജൻഡ ഒളിച്ചുകടത്തി ബിഹാറിൽ നടപ്പാക്കിയ തീവ്ര പുനഃപരിശോധന(എസ്‌ഐആർ)യിൽ 68.66 ലക്ഷം വോട്ടർമാരെ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്താക്കി. ആഗസ്‌തിൽ പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 65 ലക്ഷം പേരുകൾ വെട്ടിയിരുന്നു. ഇതിനുപുറമെ 3.66 ലക്ഷം പേരെക്കൂടി ചൊവ്വാഴ്‌ച പുറത്തുവിട്ട അന്തിമ വോട്ടർപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കി. അന്തിമ പട്ടികയിൽ ആറുശതമാനം പേരാണ്‌ ഒഴിവാക്കപ്പെട്ടത്‌. വോട്ടർമാരെ കൂട്ടമായി പുറന്തള്ളരുതെന്ന സുപ്രീംകോടതി നിർദേശം ലംഘിച്ചാണ്‌ നടപടി.


ജൂണിൽ എസ്‌ഐആർ തുടങ്ങുന്പോൾ സംസ്ഥാനത്ത്‌ 7.89 കോടി വോട്ടർമാരുണ്ടായിരുന്നു. ആഗസ്‌ത്‌ ഒന്നിലെ കരടുപട്ടികയിൽ 7.24 കോടിയായി വോട്ടർമാർ. 65 ലക്ഷം പേരെയാണ്‌ അന്ന്‌ പുറത്താക്കിയത്‌. കരടിൽ ഉൾപ്പെട്ട 3.66 ലക്ഷം ‘അർഹതയില്ലാത്ത’ വോട്ടർമാരെ കൂടി നീക്കിയിട്ടുണ്ടെന്ന്‌ കമീഷൻ അറിയിച്ചു. എന്നാൽ 21.53 ലക്ഷം പേരെ കൂട്ടിച്ചേർത്തതിനാൽ അന്തിമപട്ടികയിൽ 7.42 കോടി വോട്ടർമാരുണ്ടെന്നും കമീഷൻ അറിയിച്ചു. കരട്‌ പട്ടിയിൽ ഒഴിവാക്കിയ 65ലക്ഷത്തിൽ ഉൾപെട്ടവരെയാണോ പുതുതായി കൂട്ടിച്ചേർത്തതെന്ന്‌ കമീഷൻ പക്ഷെ വ്യക്തമാക്കിയിട്ടില്ല. വിശദവിവരം പുറത്തുവരുംമുന്പേ അന്തിമ വോട്ടർപ്പട്ടികയെ ബിജെപി സ്വാഗതം ചെയ്‌തു.


അന്തിമ പട്ടികയിലും വ്യക്തതയില്ല

മരിച്ചവർ, കുടിയേറിയവർ, ഒന്നിൽ കൂടുതൽ വോട്ടുള്ളവർ എന്നിങ്ങനെയുള്ളവരുടെ വിവരം ​കരട്‌ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, മരിച്ചെന്ന പേരിൽ ഒഴിവാക്കിയവർ സുപ്രീംകോടതിയിൽ നേരിട്ടെത്തിയത്‌ കമീഷന്‌ കനത്ത പ്രഹരമായി. ഇതോടെ, അന്തിമപട്ടികയിൽ അത്തരം വിവരങ്ങൾ ഒഴിവാക്കി. കരടിൽ ഉൾപ്പെട്ടശേഷം അന്തിമപട്ടികയിൽ പുറത്താക്കപ്പെട്ട 3.66 ലക്ഷം പേരുകളും അതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടില്ല. കരട്‌ പട്ടികയിൽനിന്ന്‌ നീക്കിയ 65 ലക്ഷം പേരുടെ വിവരങ്ങൾ ബൂത്തുതലത്തിൽ പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എസ്‌ഐആർ നടത്തിപ്പ്‌ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇ‍ൗ വിഷയങ്ങളും ചോദ്യംചെയ്യപ്പെടും. വോട്ടർപ്പട്ടികയിൽ ഉൾപ്പെടാൻ ആധാർ അംഗീകരിച്ചത്‌ കോടതി ഇടപെടലിലായിരുന്നു. കൂട്ടമായി വോട്ടവകാശം ഹനിക്കുന്ന ഇടപെടലുണ്ടായാൽ ഇടപെടുമെന്ന്‌ പലതവണ കോടതി മുന്നറിയിപ്പ്‌ നൽകിയിരുന്നു. അതിനാൽ ഇതിലും സുപ്രീീംകോടതിയുടെ ഇടപെടൽ നിർണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home