ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പുപൊടി; ബിഹാറിൽ 40 വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

ന്യൂഡൽഹി : ബീഹാറിലെ പരാസി മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം സോപ്പു പൊടി ചേർത്തതിനെ തുടർന്ന് 40 വിദ്യാർഥികൾക്ക് വയറിളക്കവും ഛർദിയും. അസുഖബാധിതരായ വിദ്യാർഥികളെ ചികിത്സക്കായി ബീഹാർ ഷെരീഫ് മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റൊരു സ്കൂളിൽ നിന്ന് ഉച്ചഭക്ഷണമെത്തിച്ച് കുട്ടികൾക്ക് നൽകുകയായിരുന്നു.
സോയാബീൻ കറിയിൽ ഉപ്പിന്റെ കുറവുണ്ടെന്ന് ചില വിദ്യാർഥികൾ പറഞ്ഞതോടെയാണ് ഒരു അധ്യാപകൻ ഉപ്പിന് പകരം സോപ്പുപൊടി ചേർത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സോപ്പുപൊടി ഭക്ഷണത്തിൽ കലർന്ന വിവരം അറിയാതെയാണ് വിദ്യാർഥികൾ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചയുടനെ നിരവധി കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും തുടങ്ങി.
സ്കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്ന് അധികൃതർ പറഞ്ഞു. ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ കൈകാര്യം ചെയ്യുന്നതും പരിശോധിക്കുന്നതും പാചകക്കാർ തന്നെയാണെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾക്ക് സമീപം സോപ്പുപൊടി സൂക്ഷിച്ചിരുന്നതിനെ കുറിച്ചും, ഭക്ഷണത്തിൽ ചേർത്തതും എങ്ങനെയെന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments