ബിഹാറിൽ പെൺവാണിഭ സംഘം പിടിയിൽ; ഓർക്കസ്ട്രയുടെ മറവിൽ തടവിലാക്കിയ 40 പെൺകുട്ടികളെ മോചിപ്പിച്ചു

പ്രതീകാത്മക ചിത്രം
പാട്‌ന: ബിഹാറിൽ ഓർക്കസ്ട്ര സംഘങ്ങളുടെ മറവിൽ പെൺകുട്ടികളെ തടവിലാക്കി പീഡിപ്പിച്ചിരുന്ന വൻ ശൃംഖലയെ പൊലീസ് തകർത്തു. വിവിധ ജില്ലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ 40 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് സംഘത്തിലെ 22 പേരെ അറസ്റ്റ് ചെയ്തു.
ബിഹാർ പൊലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പരിശോധന നടത്തിയത്. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം ഓർക്കസ്ട്ര ഗ്രൂപ്പുകൾക്ക് മറിച്ചുവിൽക്കുകയായിരുന്നു ഈ സംഘത്തിന്റെ രീതി.
മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയതായും അശ്ലീല നൃത്തങ്ങൾ ചെയ്യാൻ നിർബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ പ്രതികളിൽ ഓർക്കസ്ട്ര ഉടമകളും ഇടനിലക്കാരും ഉൾപ്പെടുന്നു.
ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരവും കേസെടുത്തു. മോചിപ്പിക്കപ്പെട്ട പെൺകുട്ടികളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ അന്തർസംസ്ഥാന ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments