വിവിധ പാർട്ടികളെ ജയിപ്പിച്ചു, സ്വയം പോരിനിറങ്ങിയപ്പോൾ തകർന്നു; ബിഹാറിൽ ഒന്നുമല്ലാതായി പ്രശാന്ത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികളെ വിജയക്കൊടി പാറിക്കാൻ പരിശീലിപ്പിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് സ്വന്തം പാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ തന്ത്രം പോരെന്ന് കിഷോറിന് തെളിയിച്ച് കൊടുത്തിരിക്കുകയാണ് ബിഹാർ തെരഞ്ഞെടുപ്പ്. സംപൂജ്യമായി പ്രശാന്തിന് ബിഹാറിൽ കൊടി താഴ്ത്തേണ്ടി വന്നിരിക്കുന്നു
അഭിഭാഷകരും ശാസ്ത്രജ്ഞരുമടക്കം പ്രഗൽഭരെ രംഗത്തിറക്കിയായിരുന്നു പ്രശാന്ത് കിഷോറിൻറെ പരീക്ഷണം. പക്ഷേ അവർക്കാർക്കും തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇടംപിടിക്കാനായില്ല . ഗ്രൗണ്ടിലിറങ്ങിയുള്ള കളി വ്യത്യസ്തമാണെന്ന് പ്രശാന്ത് ശരിക്കും അറിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം. ബിഹാറിൽ 150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ കിഷോർ പറഞ്ഞത്. റോഹ്താസ് ജില്ലയിലെ കൊണാർ ഗ്രാമത്തിൽ നിന്നുള്ള കിഷോർ, സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും ജൻ സുരാജ് സ്ഥാനാർഥികളെ നിർത്തി.
ദർഭംഗ, ജോകിഹട്ട് (അരാരിയ), മർഹൗറ (സരൺ), ചിരായ (കിഴക്കൻ ചമ്പാരൻ) എന്നിവയുൾപ്പെടെ ഏകദേശം 15 സീറ്റുകളിൽ അദ്ദേഹത്തിന്റെ സ്ഥാനാർഥികൾ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അതെല്ലാം പാഴ് വാക്കാകുകയായിരുന്നു
48 കാരനായ കിഷോർ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന നേതാവായി ഉയർന്നു വന്നേക്കില്ല എങ്കിലും, ജൻ സുരാജ് അതിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ സൃഷ്ടിച്ച കോളിളക്കം ആർക്കും നിഷേധിക്കാനാവില്ല. തൊഴിൽ, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയാണ് കിഷോർ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പക്ഷേ, സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ജൻ സുരാജിന് വലിയ സ്വീകാര്യത ലഭിച്ചില്ല.
2024 ഒക്ടോബറിൽ ജൻ സുരാജ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. പ്രശാന്ത് കിഷോർ 'പ്രശാന്ത് കിഷോർ പാണ്ഡെയായി. ബ്രാഹ്മണ വേരുകളെ കുറിച്ചുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ കൂട്ടിച്ചേർക്കലിൽ ഉണ്ടായത്. വികസന രാഷ്ട്രീയമാണ് ജൻ സുരാജ് മുന്നോട്ട് വയ്ക്കുന്നതെന്നും ബിഹാർ ജയിക്കുകയാണ് ആത്യന്തികമായി തൻറെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു. പക്ഷേ വികസനത്തിന് വോട്ടുതേടിയുള്ള യാത്ര പച്ച തൊട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
2014ൽ മോഡി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിൻറെ മാർക്കറ്റ് കുതിച്ചുയർന്നത്.അധികാരം കയ്യാളുന്ന പാർട്ടിയിൽ തൻറെ ആശയങ്ങൾക്ക് സ്ഥാനമില്ലെന്ന് കണ്ടതോടെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മെല്ലെ നിതീഷിനൊപ്പം പ്രശാന്ത് കൂടി. 2015നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎയെ തറപറ്റിച്ചു. മഹാസഖ്യത്തിൻറെ ഈ ജയം പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന പ്രശാന്ത് കിഷോറിൻറെ പെരുമ ഉയർത്തി. ജെഡിയുവിൻറെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പ്രശാന്തിൻറെ രാഷ്ട്രീയ മോഹങ്ങൾ മറനീക്കി പുറത്തുവന്നത്.
2017 ൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് വേണ്ടി തന്ത്രം തയ്യാറാക്കിയെങ്കിലും ഫലവത്തായില്ല. 2019 ൽ വൈഎസ്ആർസിപിക്ക് വേണ്ടി ആന്ധ്രയിലും 2020 ൽ എഎപിക്കും 2021 ൽ തൃണമൂലിനും ഡിഎംകെയ്ക്കും വേണ്ടി പ്രശാന്ത് പ്രവർത്തിച്ചു. തൃണമൂലിൻറെയും ഡിഎംകെയുടെയും വിജയങ്ങൾക്ക് പിന്നാലെ സ്വന്തം പാർട്ടി പ്രഖ്യാപിക്കാനുള്ള തന്ത്രം പ്രശാന്ത് ആരംഭിക്കുകയായിരുന്നു.








0 comments