പെൺകുട്ടികൾ നാലുചുവരുകൾക്കുള്ളിൽ കഴിയേണ്ടവർ; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി
പാട്‌ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും അവർ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടവരാണെന്നുമാണ് മന്ത്രി പറഞ്ഞത്.
ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ മിഥിലേഷ് തിവാരി അടുത്തിടെയാണ് മന്ത്രിയായി ചുമതലയേറ്റത്. പെൺകുട്ടികൾ പൊതു പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തെരുവിലിറങ്ങുന്നതിന് പകരം വീടിനുള്ളിൽ തന്നെ കഴിയണം.
വീട്ടിൽ പെൺകുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദി സർക്കാർ 'നാരി ശക്തി'യുമായി കൂടെയുള്ളപ്പോൾ പെൺകുട്ടികൾ എന്തിന് തെരുവിലിറങ്ങണം എന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അവർക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അധ്യാപകനായിരുന്നു മിഥിലേഷ് തിവാരി. പാട്നയിൽ ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ കാഴ്ചപ്പാട് ഇതാണെങ്കിൽ ബിഹാറിലെ വിദ്യാഭ്യാസ മേഖലയുടെ ഗതിയെന്താകുമെന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.











0 comments