print edition ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ; 64.66 ശതമാനം പോളിങ്

bihar polling

പട്ന വെറ്റിനറി കോളേജിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി ,തേജസ്വി യാദവ്, 
മിസ ഭാരതി എം പി തുടങ്ങിയവർ ഫോട്ടോ: പി വി സുജിത്

avatar
എം അഖിൽ

Published on Nov 07, 2025, 03:43 AM | 1 min read


പട്‌ന

​ബിഹാറിൽ 121 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 64.66 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ബെഗുസരായ്‌യിലാണ്‌ കൂടുതൽ പോളിങ്‌ രേഖപ്പെടുത്തിയത്‌–67.32 ശതമാനം. 52.36 ശതമാനം രേഖപ്പെടുത്തിയ ഷെയ്‌ക്ക്‌പുരയിലാണ്‌ കുറവ്‌.


രാവിലെ ഏഴിന്‌ തുടങ്ങിയ പോളിങ് നടപടികൾ വൈകിട്ട്‌ ആറോടെയാണ്‌ അവസാനിച്ചത്‌. മന്ദഗതിയിൽ തുടങ്ങിയ പോളിങ് ക്രമേണ ഉയർന്ന്‌ അവസാനം മെച്ചപ്പെട്ട ശതമാനത്തിൽ കലാശിക്കുകയായിരുന്നു. സ്‌ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. ആർജെഡി നേതാവ്‌ ലാലുപ്രസാദ്‌യാദവ്‌, ഭാര്യ റാബ്‌റിദേവി, മകനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വിയാദവ്‌, സഹോദരി മിസാഭാരതി തുടങ്ങിയവർ പട്‌ന വെറ്ററിനറി കോളേജിലെ ബൂത്തിലെത്തി വോട്ട്‌ രേഖപ്പെടുത്തി. ബിഹാർ ഇക്കുറി മാറ്റത്തിന്‌ വേണ്ടി വോട്ടുചെയ്യുമെന്ന്‌ ലാലുപ്രസാദ്‌യാദവ്‌ പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ്‌കുമാർ ഭക്ത്യാർപുരിൽ വോട്ടുചെയ്‌തു.


പല സ്ഥലങ്ങളിലും അക്രമങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും ഉണ്ടായി. മാഞ്ചിയിലെ സിപിഐ എം സ്ഥാനാർഥി ഡോ. സത്യേന്ദ്രയാദവിനെ ജെഡിയു–ബിജെപി ഗുണ്ടകൾ ആക്രമിച്ചു. അദ്ദേഹത്തിന്റെ വാഹനം ഗുണ്ടകൾ അടിച്ചുതകർത്തു. ഉപമുഖമന്ത്രി വിജയ്‌കുമാർസിൻഹ ആർജെഡി പ്രവർത്തകർ തന്നെ അക്രമിച്ചതായി ആരോപിച്ചു. എൻഡിഎ അധികാരത്തിൽ തിരിച്ചെത്തിയാൽ അക്രമികളുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റിയിറക്കുമെന്നും സിൻഹ ഭീഷണി മുഴക്കി. മഹാസഖ്യത്തിന്‌ സ്വാധീനമുള്ളയിടങ്ങളിൽ പോളിങ് വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കമുണ്ടായി.


രഘ-ുനാഥ്‌പുർ നിയോജകമണ്ഡലത്തിലെ യാദവ, മുസ്ലീം വോട്ടർമാർക്ക്‌ അവസാനനിമിഷം വോട്ട്‌ നിഷേധിച്ചതായും ആക്ഷേപമുണ്ട്‌. മണിക്കൂറുകൾ വരിനിന്ന്‌ ബൂത്തിനുള്ളിൽ കയറിയതിന്‌ ശേഷമാണ്‌ വോട്ടില്ലെന്ന്‌ അധികൃതർ അറിയിച്ചതെന്ന്‌ വോട്ടർമാർ പ്രതികരിച്ചു. ദനാപുരിലെ നസീർഗഞ്‌ജ്‌ഘട്ടിൽ നദിക്കപ്പുറമുള്ള ബൂത്തുകളിലേക്ക് ബോട്ടുകളിൽ പോകാൻ പൊലീസ്‌ അനുവദിച്ചില്ലെന്നും പരാതിയുണ്ട്‌.


മഹാസഖ്യത്തിന്‌ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ആസൂ‍ത്രിതമായി വൈദ്യുതി വിച്ഛേദിച്ചതായും ആരോപണമുണ്ട്‌. പത്ത്‌ ജില്ലകളിൽ വോട്ടിങ്ങ്‌യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന്‌ വോട്ടിങ്ങ്‌ പലവട്ടം തടസ്സപ്പെട്ടു. വൈശാലിയിലെ ലാൽഗഞ്‌ജിൽ ‘വോട്ട്‌മോഷണം നടത്തുന്നു’വെന്ന്‌ വോട്ടർമാർ മുദ്രാവാക്യം മുഴക്കി. സിവാൻ, ദർഭംഗ, മുസഫർപുർ തുടങ്ങിയസ്ഥലങ്ങളിൽ അടിസ്ഥാനസ‍ൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ച്‌ നിരവധിപേർ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ചു. നളന്ദയിൽ മൂന്ന്‌ ബൂത്തുകളിൽ ആരും വോട്ട്‌ ചെയ്‌തില്ല.



deshabhimani section

Related News

View More
0 comments
Sort by

Home