ഭോപ്പാലിൽ ജലമലിനീകരണം അതീവ ഗുരുതരം; 'പബ്ലിക് ഹെൽത്ത് എമർജൻസി' പ്രഖ്യാപിച്ച് ഹരിത ട്രൈബ്യൂണൽ

ഭോപ്പാൽ: മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഭൂഗർഭജലത്തിലുണ്ടായ വിഷാംശവും മലിനീകരണവും കണക്കിലെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ 'പബ്ലിക് ഹെൽത്ത് എമർജൻസി' (പൊതുജനാരോഗ്യ അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു.
ഭോപ്പാൽ വാതക ദുരന്തമുണ്ടായ യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളിലെ ജലമലിനീകരണം അതീവ ഗുരുതരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
ഫാക്ടറിയിൽ അവശേഷിക്കുന്ന വിഷമാലിന്യങ്ങൾ ഭൂഗർഭജലത്തിൽ കലരുന്നത് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവിടുത്തെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ഭോപ്പാൽ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജലമലിനീകരണം മൂലം പ്രദേശവാസികൾ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. വിഷയത്തിൽ അടുത്ത മാസം വീണ്ടും വാദം കേൾക്കും.
അതേസമയം, ബിജെപിയുടെ മാതൃകാനഗരമായ ഇൻഡോറിൽ കക്കൂസ് മാലിന്യം കുടിവെള്ളപൈപ്പിൽ കലർന്നതിനെ തുടർന്നുണ്ടായ മരണം 18 കടന്നു. മലിനജലസ്രോതസുകൾ പൂർണമായും അടച്ചിട്ട് ശുദ്ധീകരിക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല.
രോഗം പടർന്നത് ഒറ്റ സ്രോതസിൽ നിന്നാണെന്ന് ഉറപ്പാക്കാനുമായിട്ടില്ല. ഏതുതരം ബാക്‌റ്റീരിയകളാണ് ദുരന്തത്തിന് ഇടയാക്കിയതെന്നത് വ്യക്തമാകാൻ കൊൽക്കത്തയിൽ നിന്നുള്ള വിദഗ്‌ധസംഘം ജലസാന്പിളുകൾ പരിശോധിക്കുന്നുണ്ട്.
പ്രശ്‌നബാധിത മേഖലകളിലേക്ക് നർമദയിൽ നിന്നുള്ള ജലം പൂർണമായും തടഞ്ഞിട്ടുണ്ട്. ജലം പൂർണമായും അണുമുക്തമായെന്ന് വിദഗ്‌ധർ സ്ഥിരീകരിച്ചാൽ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കുകയുള്ളു.










0 comments