ad
Deshabhimani

print edition വിവാദ ഉത്തരവുമായി മധ്യപ്രദേശ്‌ ഹൈക്കോടതി ഭോജ്‌ശാല മസ്‌ജിദ്‌ അല്ല; ക്ഷേത്രമാണെന്ന്

Mp Hicourt

ധ്യപ്രദേശ്‌ ഹൈക്കോടതി (Photo:Verdictum)

വെബ് ഡെസ്ക്

Published on May 16, 2026, 02:25 AM | 1 min read

ന്യൂഡൽഹി : മധ്യപ്രദേശിലെ ധറിലെ ഭോജ്‌ശാലയിൽ 11–ാം നൂറ്റാണ്ടിലെ നിർമിതി മസ്‌ജിദ് അല്ലെന്നും സരസ്വതി ക്ഷേത്രമാണെന്നും മധ്യപ്രദേശ്‌ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്‌. ‘ഭോജ്‌ശാല ക്ഷേത്രം–കമാൽ മ‍ൗല മസ്‌ജിദ്‌’ എന്നറിയപ്പെടുന്ന നിർമിതിയിൽ മുസ്‌ലിം പ്രാർഥന വിലക്കണമെന്നും ഉടമസ്ഥാവകാശം വേണമെന്നും ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികൾ നൽകിയ ഹർജിയിലാണ്‌ വിധി. ഹിന്ദു ആരാധനകൾക്ക്‌ നിയന്ത്രണമേർപ്പെടുത്തിയും മുസ്‌ലിം വിഭാഗത്തിന്‌ അനുമതി നൽകിയുമുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ(എഎസ്‌ഐ) യുടെ 2003ലെ ഉത്തരവും ജസ്റ്റിസുമാരായ വിജയ് കുമാർ ശുക്ല, അലോക് അവസ്‌തി എന്നിവരുടെ ബെഞ്ച്‌ റദ്ദാക്കി.


പുതിയ മസ്‌ജിദ്‌ നിർമിക്കാൻ സ്ഥലം ചോദിച്ച്‌ മുസ്‌ലിം വിഭാഗത്തിന്‌ അപേക്ഷ സമർപ്പിക്കാമെന്നും ഇതിൽ ജില്ലാ ഭരണകേന്ദ്രം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംരക്ഷിത നിർമിതിയായി ഭോജ്‌ശാലയെ പ്രഖ്യാപിച്ച കോടതി, നിയന്ത്രണവും മാനേജ്‌മെന്റും കേന്ദ്രസർക്കാരിനും എഎസ്‌ഐയ്‌ക്കും നൽകി. നിലവിൽ ബ്രിട്ടണിലെ മ്യൂസിയത്തിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്‌ഠയെന്ന്‌ അവകാശപ്പെടുന്ന സരസ്വതി പ്രതിമ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്‌.

​ഖിൽജി കാലഘട്ടത്തിലെ ചരിത്രരേഖകളിലോ മറ്റോ ക്ഷേത്രത്തിന്റെ നാശം പരാമർശിക്കുന്നില്ലെന്നും 1935ൽ ധർ രാജാവ്‌ ആരാധന സ്വതന്ത്ര്യം നൽകിയ ഉത്തരവ്‌ നിലവിലുണ്ടെന്നും മുസ്‌ലിം വിഭാഗം വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.


സുപ്രീംകോടതി വിധിക്ക്‌ വിരുദ്ധം


രാജ്യത്തെ മതസ്ഥാപനങ്ങളിലെ തർക്കങ്ങളിൽ ഇടക്കാല, അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന്‌ സുപ്രീംകോടതി 2024 ഡിസംബറിൽ ഏർപ്പെടുത്തിയ വിലക്ക്‌ നിലനിൽക്കെയാണ്‌ ഹൈക്കോടതി ഉത്തരവ്‌. സുപ്രീംകോടതി വിധി ലംഘിച്ച് എഎസ്‌ഐ ഇവിടെ സർവേ നടത്തിയിരുന്നു. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുതയിൽ തീർപ്പാക്കുംവരെ പുതിയ ഹർജി സ്വീകരിക്കരുതെന്നും നിലവിലുള്ളവയിൽ ഉത്തരവുകളോ സർവേകളോ പാടില്ലെന്നുമായിരുന്നു മുൻ ചീഫ്‌ ജസ്റ്റിസ്‌ സഞ്ജയ്‌ ഖന്നയുടെ ബെഞ്ച്‌ അന്ന്‌ ഉത്തരവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home