കർണാടകയിലെ ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; സുഹൃത്ത് അബോധാവസ്ഥയിൽ

ബംഗളൂരു: കർണാടകയിലെ ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശിയായ സുരഭി (26) ആണ് മരിച്ചത്. സുഹൃത്ത് സഞ്ജീത് അലിയെ മുറിയിൽ അബോധാവസ്ഥയിലും കണ്ടെത്തി. ഇയാൾ മലയാളിയാണ്. സുരഭിയും അലിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് വിവരം. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും നാടുവിടുകയും പിന്നീട് പൊലീസ് ഇടപെടലിലൂടെ സുരഭി തിരിച്ചെത്തുകയും ചെയ്തിരുന്നു.
മുൻപ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സുരഭി, പിന്നീട് കുടുംബത്തോടൊപ്പം മടങ്ങിയെത്തിയെങ്കിലും അലിയുമായുള്ള ബന്ധം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹോസ്റ്റേ മുറിയിൽ കയർ, ഗുളികകൾ, ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടതായി പൊലീസ് പറഞ്ഞു. എങ്കിലും, യുവതിയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകളോ രക്തക്കറയോ ഇല്ലാത്തതിനാൽ കൊലപാതകമാണോ, ആത്മഹത്യയാണോ അതോ വിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് ചിക്കബെല്ലാപൂർ എസ്പി കുശാൽ ചൗക്സി അറിയിച്ചു.
നിലവിൽ ചികിത്സയിലുള്ള അലി അബോധാവസ്ഥയിലാണ്. ഇയാളുടെ മൊഴി കേസ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കാമ്പസിൽ സന്നദ്ധസേവനത്തിനായി എത്തിയതായിരുന്നു സുരഭി. അലി സുരഭിയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ചേർന്ന് ആത്മഹത്യ ചെയ്തതാണോ തുടങ്ങിയ വിവിധ സാധ്യതകൾ മുൻനിർത്തി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments