ആട്ടിറച്ചിക്ക് പകരം നൽകിയത് പോത്തിറച്ചി; ബംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ അടപ്പിച്ചു

പ്രതീകാത്മക ചിത്രം
ബംഗളൂരു: ആട്ടിറച്ചിക്ക് പകരം പോത്തിറച്ചി കഴിക്കാൻ നൽകിയെന്ന പരാതിയിൽ ബംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷ് എന്നൊരാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ഹോട്ടൽ പൊലീസ് അടപ്പിച്ചു.
ഒന്നര വർഷം മുൻപാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ആളുകൾ ആട്ടിറച്ചി ഓർഡർ ചെയ്തു. എന്നാൽ നൽകിയത് ആട്ടിറച്ചിയല്ലെന്ന് ഇവർക്ക് സംശയം തോന്നി. പിന്നാലെ ജീവനക്കാരോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വിളമ്പിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ അടപ്പിക്കുകയായിരുന്നു. പിടിച്ചെടുത്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.









0 comments