'കോടതിയിൽ ജോലി വാങ്ങി തരാം': 25 കോടിയുടെ തട്ടിപ്പ്, ദമ്പതികൾ പിടിയിൽ

പ്രതികളായ ലവീന, ജേസൺ ഡിസൂസ എന്നിവർ
ബംഗളൂരു: കോടതിയിൽ ജോലിവാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ദമ്പതികൾ പിടിയിൽ. ജേസൺ ഡിസൂസ, ലവീന എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തത്. തൊഴിൽരഹിതരെയും സ്വകാര്യ മേഖലയിലെ ജീവനക്കാരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്. സർക്കാർ ജോലി വാഗ്ദാനത്തിലൂടെ ഇവർ നൂറുകണക്കിന് ഉദ്യോഗാർഥികളിൽ നിന്നായി 25 കോടി രൂപ തട്ടിയതായി പൊലീസ് പറയുന്നു.
ഉദ്യോഗാർഥികളെ നിരവധി ഏജന്റുമാർ വഴിയാണ് ദമ്പതികൾ വലയിലാക്കിയത്. തട്ടിപ്പിനിരയായ ഓരോ ഉദ്യോഗാർഥികളിൽ നിന്നും ഇവർ 10 മുതൽ 25 ലക്ഷം വരെ കൈക്കലാക്കി. കോടതികളിലെ ഡി ഗ്രൂപ്പ് ജോലികൾ വാങ്ങി നൽകാമെന്നായിരുന്നു ദമ്പതികളുടെ ഉറപ്പ്. വാഗ്ദാനങ്ങൾ വിശ്വസിനീയമാക്കാൻ ജഡ്ജിമാരുടെ വ്യാജ ഒപ്പുകൾ ഉണ്ടാക്കുകയും അപേക്ഷകരെ ബോധ്യപ്പെടുത്താൻ വ്യാജ നിയമന ഉത്തരവുകൾ നൽകുകയും ചെയ്തു.
എന്നാൽ പണം വാങ്ങിയതിന് ശേഷം ജോലിയെക്കുറിച്ച് ചോദിച്ചപ്പോൾ ദമ്പതികൾ ഒഴിവുകഴിവുകൾ പറഞ്ഞ് മുങ്ങി. പറ്റിക്കപ്പെട്ടെന്ന് മനസിലായതോട ചില ഉദ്യോഗാർഥികൾ സിസിബിയിൽ പരാതി നൽകി. ബംഗളൂരു പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ജോലി തട്ടിപ്പ് കേസിൽ ദമ്പതികൾ മുമ്പും അറസ്റ്റിലായിട്ടുണ്ട്. പുറത്തിറങ്ങിയതിന് ശേഷവും ഇവർ സമാന കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു.










0 comments