ad
Deshabhimani

തക്കാളിക്കും ഉള്ളിക്കും വരെ വില കൂടും; ബാങ്ക് ഓഫ് ബറോഡ റിപ്പോർട്ട്

Inflation in India

അഹമ്മദാബാദിലെ ഒരു മാർക്കറ്റിൽ നിന്നുള്ള ചിത്രം | Photo Credit: SHAMMI MEHRA / AFP

വെബ് ഡെസ്ക്

Published on May 07, 2026, 07:03 PM | 1 min read

മുംബൈ : രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയിൽ വൻ വർധനയുണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ഗവേഷണ റിപ്പോർട്ട്. 2026 ഏപ്രിലിൽ നിത്യോപയോഗ സാധനങ്ങൾക്ക് 1.1 ശതമാനം വില വർധിക്കാനാണ് സാധ്യത. അടുക്കളയിലെ പ്രധാന ഇനങ്ങളായ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലക്കയറ്റം ഉപഭോക്തൃ വില സൂചിക ഉയരാൻ കാരണമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.


കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് തക്കാളി വിലയിൽ മാത്രം 35.8 ശതമാനം വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ വിപണിയിലെത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 12.8 ശതമാനം കുറവുണ്ടായതായി ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധ ദീപാൻവിത മജുംദാർ ചൂണ്ടിക്കാട്ടി.


ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിൽ മെയ് മാസത്തിൽ കടുത്ത താപതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വരും മാസങ്ങളിലെ വിതരണത്തെ ബാധിച്ചേക്കാം. അതോടെ പണപ്പെരുപ്പ നിരക്ക് ഉയരും.


ഭക്ഷ്യ എണ്ണയുടെ വിലയിലും വലിയ മാറ്റങ്ങളുണ്ടാകും. കടുകെണ്ണക്ക് 10.8 ശതമാനം വില വർധിക്കും. സോയാബീൻ ഓയിലിനും സൺഫ്ലവർ ഓയിലിനും യഥാക്രമം 7.8, 15.2 ശതമാനം വരെ വില വർധനയുണ്ടാവും. ഇവയുടെ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി വർധിച്ചിട്ടുണ്ട്.


പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ആഗോള ഊർജ വിലയിലുണ്ടായ വർധനവും ഉൽപ്പാദനച്ചെലവ് കൂടാനിടയാക്കി. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം ഇത്തവണ സാധാരണക്കാരിലേക്ക് നേരിട്ടെത്തിയേക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് തരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home