ad
Deshabhimani

നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുകയും ആ വെളിച്ചത്തിൽ നമ്മുടെ ഭാവി പരിഗണിക്കുകയും വേണം: അമർത്യ സെൻ

amartya sen

photo credit: X

വെബ് ഡെസ്ക്

Published on Mar 02, 2025, 08:01 PM | 2 min read

ശാന്തിനികേതൻ: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച്‌ നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും തന്റെ സുഹൃത്തുമായ മുഹമ്മദ് യൂനുസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹത്തിന് മുന്നിൽ വളരെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് അമർത്യ സെൻ പറഞ്ഞു.


ബംഗ്ലാദേശിലെ സാഹചര്യം തന്നെ വല്ലാതെ ബാധിച്ചുവെന്നും രാജ്യം വെല്ലുവിളികളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ശാന്തിനികേതനിലെ വീട്ടിൽ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമർത്യ സെന്നിന്റെ ബംഗ്ലാദേശ്‌ പരാമർശം. ജമാഅത്ത് പോലുള്ള വർഗീയ ശക്തികളെ വലിയതോതിൽ നിയന്ത്രണത്തിലാക്കിയ ബംഗ്ലാദേശ്, മതേതരത്വത്തോടുള്ള പ്രതിബദ്ധത തുടരണം. ബംഗ്ലാദേശിലെ സാഹചര്യം തന്നെ ആഴത്തിൽ ബാധിക്കുന്നു, കാരണം തനിക്ക് ശക്തമായ ബംഗാളി സ്വത്വബോധമുണ്ട് അദ്ദേഹം പിടിഐയോട് പറഞ്ഞു .


"ഞാൻ ധാക്കയിൽ എന്റെ ജീവിതത്തിന്റെ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്, അവിടെയാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. ധാക്കയ്ക്ക് പുറമേ, മണിക്ഗഞ്ചിലെ എന്റെ പൂർവ്വിക ഭവനം ഞാൻ പലപ്പോഴും സന്ദർശിക്കാറുണ്ട്. ഞാൻ പതിവായി ബിക്രംപൂർ, പ്രത്യേകിച്ച് സോനാരംഗ് സന്ദർശിച്ചിരുന്നു. ഈ സ്ഥലങ്ങൾക്ക് എനിക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌. മറ്റു പലരെയും പോലെ, ബംഗ്ലാദേശ് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ എങ്ങനെ മറികടക്കുമെന്ന് ഞാൻ ആശങ്കാകുലനാണ്," അദ്ദേഹം പറഞ്ഞു. ബാല്യത്തിന്റെ ഭൂരിഭാഗവും ധാക്കയിൽ ചെലവഴിച്ച അമർത്യ സെൻ സെന്റ് ഗ്രിഗറി സ്കൂളിൽ നിന്നാണ് ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നത്‌. പിന്നീട് അദ്ദേഹം ശാന്തിനികേതനിലേക്ക് താമസം മാറി. രബീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ചേർന്നു. സ്വാതന്ത്ര്യത്തിനു ശേഷം വളരെ പുരോഗതി ബംഗ്ലാദേശ്‌ നേടിയിട്ടുണ്ട്‌. ആളോഹരി വരുമാനത്തിൽ - ഒരു ഘട്ടത്തിൽ ഇന്ത്യയെ മറികടന്നു. - ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ആയുർദൈർഘ്യം ഉൾപ്പെടെ ബംഗ്ലാദേശ് വലിയ സാമ്പത്തിക, സാമൂഹിക പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ, ഗവൺമെന്റിന്റെയും ഗ്രാമീൺ ബാങ്ക് പോലുള്ള സർക്കാരിതര സംഘടനകളുടെയും സംഭാവനകളോടെ വളരെ മുന്നേറ്റമാണ്‌ ബംഗ്ലാദേശ്‌ നടത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു.


ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെയും ക്ഷേത്രങ്ങൾ തകർക്കുന്നതിനെയും അമർത്യ സെൻ ശക്തമായി അപലപിച്ചു. അത്തരം അക്രമങ്ങൾ തടയേണ്ടത് സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്, കാരണം ബംഗ്ലാദേശ് ചരിത്രപരമായി ന്യൂനപക്ഷങ്ങളോട്‌ മാതൃകാപരമായ സമീപനമാണ്‌ എടുത്തിട്ടുള്ളത്‌. ജമാഅത്ത് പോലുള്ള വർഗീയ ശക്തികളെ നിയന്ത്രിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്‌. നിർഭാഗ്യവശാൽ, ഇന്ത്യയിലും ഇത്തരത്തിൽ പള്ളികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ഈ സംഭവങ്ങൾ അവസാനിപ്പിക്കണം," അദ്ദേഹം പറഞ്ഞു. "ചില സംഭവങ്ങളെ തിരഞ്ഞെടുത്ത് വലുതാക്കി വർഗീയത വളർത്തുന്നതിനേക്കാൾ എളുപ്പമുള്ള മറ്റൊന്നുമില്ല. 1940-കളിലെ ഹിന്ദു-മുസ്ലീം കലാപങ്ങൾ ഇങ്ങനെയാണ് വളർന്നുവന്നത്, അത് രക്തച്ചൊരിച്ചിലിലേക്ക് നയിച്ചു. നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുകയും ആ വെളിച്ചത്തിൽ നമ്മുടെ ഭാവി പരിഗണിക്കുകയും വേണം" അമർത്യ സെൻ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home