ad
Deshabhimani

ബം​ഗ്ലാദേശിൽ അഞ്ചാംപനി പ‌ടരുന്നു; കുട്ടികൾ ഉൾപ്പടെ 250 മരണം, ഇന്ത്യയ്ക്കും മുന്നറിയിപ്പ്

Hospital

അഞ്ചാംപനി ബാധിച്ച് ചികിത്സയില്‍ ഉള്ളവര്‍ (Photo; Screen crab)

വെബ് ഡെസ്ക്

Published on Apr 29, 2026, 12:37 PM | 2 min read

ധാക്ക: ബംഗ്ലാദേശിനെ ആശങ്കയിലാക്കി അഞ്ചാംപനി വ്യാപനം. കുട്ടികളുൾപ്പെടെ 250 പേരാണ് രോഗംബാധിച്ച് ഇതുവരെ മരണമടഞ്ഞത്. ബംഗ്ലാദേശിലെ സാഹചര്യം കണക്കിലെടുത്ത്, അതിവേഗം പടരുന്ന ഈ വൈറസ് രോഗം അതിർത്തി കടന്ന് ഇന്ത്യയിലേക്കും മ്യാൻമറിലേക്കും വ്യാപിക്കാനും അവിടെ രോഗവ്യാപനത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 58 എണ്ണത്തിലും, എട്ട് ഡിവിഷനുകളിലും അഞ്ചാംപനി വ്യാപനം പിടിമുറുക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.


പകർച്ചവ്യാധിയായ അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശിൽ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്. ബംഗ്ലാദേശിൽ നേരത്തെ ഉയർന്ന പ്രതിരോധ കുത്തിവെപ്പ് നിരക്ക് ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, വാക്സിനേഷനിലെ കുറവാണ് അഞ്ചാംപനി പട‌ർന്നു പിടിക്കാനുണ്ടായ സാഹചര്യമെന്നാണ് വി​ദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അഞ്ചാംപനി ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ആറ് മാസം മാത്രം പ്രായമുള്ള കുട്ടികളെ വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അടിയന്തര വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമം നടത്തി വരികയാണ്. ബംഗ്ലാദേശിൽ വലിയ തോതിൽ രോഗം പടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതൊരു ദേശീയ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോൺ 'പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഉയർന്ന വാക്സിനേഷൻ നിരക്കാണ് ഇതിന് പ്രധാന കാരണം. അഞ്ചാംപനി-റുബെല്ല നിർമ്മാർജ്ജനത്തിനായുള്ള ഇന്ത്യൻ വിദഗ്ധ സമിതിയുടെ (IEG-MR) കോ-ചെയർമാൻ കൂടിയാണ് ഡോ. ജോൺ. ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.


എന്താണ് അഞ്ചാംപനി?


അഞ്ചാംപനി (മീസിൽസ്) എന്നത് എല്ലാ പ്രായക്കാർക്കും ഒരുപോലെ ഉണ്ടാകാൻ സാധ്യതയുള്ള രോ​ഗമാണ്. മീസിൽസ് എന്ന വൈറസ് മൂലമാണ് അഞ്ചാംപനി ബാധിക്കുന്നത്. എല്ലാവരിലും ബാധിക്കുമെങ്കിലും കൂടുതലായും ഇവ കുട്ടികളിലാണ് കാണപ്പെടുന്നത്.


വ്യാപനം ?


* രോഗബാധിതനായ വ്യക്തിയുടെ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിൽ നിന്നുള്ള വായുവിലൂടെ പകരുന്ന തുള്ളികളിലൂടെയാണ് ഈ വൈറസ് മറ്റുള്ളവരിലേയ്ക്ക് പടരുന്നത്.

* രോ​ഗിയുടെ ശരീരത്തിലും മറ്റും പാടുകൾ പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് നാല് ദിവസം മുമ്പുവരെയും അതിന് ശേഷം നാല് ദിവസം വരെയുമാണ് ഒരാൾക്ക് രോഗം പകരാൻ സാധ്യതയുള്ളത്.


ലക്ഷണങ്ങൾ


രോഗലക്ഷണങ്ങൾ സാധാരണയായി അണുബാധയ്ക്ക് 10-14 ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടും.


* ഉയർന്ന പനി

* മൂക്കൊലിപ്പ്

* ചുവന്നതും കണ്ണില്‍ നിന്നും വെള്ളം ഒഴുകുന്നതുമായ അവസ്ഥ

* ചുമ

*വായ്ക്കുള്ളിലെ ചെറിയ വെളുത്ത പാടുകൾ (കോപ്ലിക്സ് സ്പോട്ടുകൾ)

* ഇവ, ഏതാനും ദിവസങ്ങൾക്ക് ശേഷം ചുവന്ന പാടുകൾ മുഖത്തും ശരീരത്തിലും പടരുന്നു.


ചിലർക്ക് 2-3 ആഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും, ന്യുമോണിയ, കഠിനമായ വയറിളക്കം, ചെവിയിലെ അണുബാധ, എൻസെഫലൈറ്റിസ്, അന്ധത, മരണം എന്നിവ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്ക് മീസിൽസ് വൈറസ് കാരണമായേക്കാം. ഇവ മരണത്തിലേയ്ക്കും നയിച്ചേയ്ക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home