വനിതാ മാധ്യമപ്രവർത്തകരെ വിലക്കൽ: താലിബാൻ തീട്ടൂരത്തിന് കൂട്ടുനിന്ന് ബിജെപി സർക്കാർ

ന്യൂഡൽഹി : താലിബാൻ വിദേശമന്ത്രി അമീർഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത് കൈകെട്ടി നോക്കിനിന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്ക് രൂക്ഷവിമർശം. ഡൽഹിയിലെ അഫ്‌ഗാൻ എംബസിയിൽ വെള്ളിയാഴ്‌ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതകളെ വിലക്കിയത്.
ഇൗ നീക്കം കടുത്ത വിവേചനവും ഇന്ത്യക്ക് അപമാനമാകുന്ന നടപടിയുമാണെന്ന് ചൂണ്ടിക്കാട്ടി കർശന നിലപാടെടുക്കാൻ മോദിസർക്കാരിന് കഴിഞ്ഞില്ലെന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണെങ്കിൽ, ഇത്തരം വിലക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം താലിബാന് കൈമാറണമായിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള ഒരിടപെടലും വിദേശമന്ത്രാലയം നടത്തിയില്ല. പകരം, താലിബാന്റെ കടുത്ത സ്‌ത്രീവിരുദ്ധ നിലപാടിന് മൗനാനുവാദം നൽകി. വാർത്താസമ്മേളനം നടന്നത് അഫ്‌ഗാൻ എംബസിയിൽ ആയതിനാൽ ഇടപെടലുകൾക്ക് പരിമിതി ഉണ്ടായിരുന്നു എന്നാണ് വിദേശമന്ത്രാലയം വിശദീകരിച്ചത്. മാധ്യമങ്ങളെ ക്ഷണിച്ചത് അഫ്‌ഗാൻ കോൺസുൽ ജനറലാണെന്നും വിദേശമന്ത്രാലയം അവകാശപ്പെടുന്നു. എന്നാൽ, സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് തടിയൂരാൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി.
ഒടുവില്‍
വനിതാമാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചു
സംഭവം അന്താരാഷ്‌ട്രതലത്തിൽ ചർച്ചയായതിന് പിന്നാലെ ഞായറാഴ്‌ച മുത്താഖി നടത്തിയ വാർത്താസമ്മേളനത്തിലേക്ക് വനിതാമാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു. കഴിഞ്ഞതവണ വനിതാമാധ്യമപ്രവർത്തകരെ മനഃപൂർവ്വം വിലക്കിയതല്ലെന്നും സാങ്കേതികകാരണങ്ങളാൽ ഉണ്ടായ പ്രശ്‌നമാണെന്നും മുത്താഖി പറഞ്ഞു. അധികം സമയമില്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനം മാധ്യമപ്രവർത്തകരെ മാത്രം ക്ഷണിക്കുകയായിരുന്നെന്നും ആരുടെയും അവകാശം ഹനിച്ചിട്ടില്ലെന്നും മുത്താഖി പറഞ്ഞു.
താജ്‌മഹൽ
സന്ദർശനം
ഒഴിവാക്കി
മുത്താഖിയുടെ ആഗ്ര സന്ദർശനം ഉപേക്ഷിച്ചതായി ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്‌ച്ച രാവിലെ ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് തിരിച്ച് താജ്‌മഹൽ ഉൾപ്പടെ സന്ദർശിക്കാനായിരുന്നു നേരത്തെയുള്ള പരിപാടി. ആഗ്രയിലും താജ്‌മഹൽ പരിസരങ്ങളിലും മറ്റും വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.










0 comments