ad
Deshabhimani

print edition ഉത്തരവാദി ആർഎസ്എസ്

ayodhya
avatar
എം പ്രശാന്ത്‌

Published on Jul 10, 2026, 12:22 AM | 1 min read

ന്യൂഡൽഹി: രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ വലിയ പ്രതിസന്ധിയെയാണ്‌ ആർഎസ്‌എസ്‌ അഭിമുഖീകരിക്കുന്നത്‌. ശ്രീരാമനെ വർഗീയമായി ദുരുപയോഗിച്ചാണ്‌ ആർഎസ്‌എസും ബിജെപിയും വളര്‍ന്നത്. അതേ ശ്രീരാമൻ സംഘപരിവാരത്തിന്റെ ഇടർച്ചയ്‌ക്കും കാരണമാകുന്നു.


ആർഎസ്‌എസുകാർക്ക്‌ വിശ്വാസമെന്നത്‌ രാഷ്ട്രീയ നേട്ടത്തിനുള്ള താൽക്കാലിക ആയുധം മാത്രമാണ്‌. പരസ്‌പരം കാണുമ്പോൾ നിഷ്‌കളങ്കമായി "റാം റാം' പറഞ്ഞിരുന്ന ഉത്തരേന്ത്യയിലെ സാധാരണക്കാരെ "ജയ്‌ ശ്രീറാം' എന്ന വർഗീയ മുദ്രാവാക്യത്തിലേക്ക്‌ നയിച്ചത്‌ സംഘപരിവാറാണ്‌. മുതിർന്ന ആർഎസ്‌എസ്‌– ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ബാബ്റി മസ്ജിദ് ഇടിച്ചുനിരത്തുമ്പോൾ പശ്ചാത്തലത്തിൽ ഉയർന്നുകേട്ടത് ഇതേ "ജയ്‌ ശ്രീറാം' വിളിയാണ്‌.


അന്ന്‌ മുന്നിൽനിന്ന്‌ മുദ്രാവാക്യംവിളിച്ചവരിലൊരാളാണ്‌ ചമ്പത്‌ റായ്‌. മറ്റൊരാൾ അനിൽ മിശ്ര. ഇരുവരും യുപിയിലെ മുതിർന്ന ആർഎസ്‌എസ്‌ പ്രചാരകര്‍. ചമ്പത്‌ റായ്‌ എൺപതുകൾ മുതൽ പള്ളിപൊളിക്കൽ പ്രസ്ഥാനത്തിൽ സജീവം. അനിൽ മിശ്ര തൊണ്ണൂറുകളുടെ തുടക്കംമുതലും. സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റിൽ ഇരുവരും ഉൾപ്പെട്ടു. വിഎച്ച്‌പിയുടെ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ചമ്പത്‌ റായ്‌ ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറിയായി. മുതിർന്ന ട്രസ്റ്റ്‌ അംഗമാണ്‌ അനിൽ മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ ‘യജമാൻ’ (ആതിഥേയേൻ) സ്ഥാനത്ത്‌ അനിൽ മിശ്രയായിരുന്നു.


രാമക്ഷേത്രത്തിൽ വർഷങ്ങളായി തുടരുന്ന കൊള്ള ചമ്പത്‌ റായിയുടെയും മിശ്രയുടെയും പൂർണ അറിവോടെയും സമ്മതത്തോടെയുമെന്ന് വ്യക്തമായി. 
പ്രതിപ്പട്ടികയിലുൾപ്പെട്ടവരെല്ലാം റായിയുടെയും മിശ്രയുടെയും അടുത്ത ബന്ധുക്കളോ വിശ്വസ്‌തരോ ആണ്‌. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ പ‍ൂർണമായും നിയന്ത്രിച്ചിരുന്നത്‌ റായിയും മിശ്രയും ട്രസ്റ്റിലെ മറ്റൊരു ആർഎസ്എസ്‌ പ്രതിനിധിയായ ഗോപാൽ റാവുവുമാണ്‌. ഇ‍ൗ മൂന്നുപേരും അറിയാതെ ക്ഷേത്രത്തിൽ ഇലയനങ്ങില്ല. ആർഎസ്‌എസ്‌ നിർദേശപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ്‌ മൂവരേയും ട്രസ്റ്റിലെത്തിച്ചത്‌. ചുരുക്കത്തിൽ ആർഎസ്എസും സംഘപരിവാരവും പ്രധാനമന്ത്രി കാര്യാലയവുമാണ്‌ അമ്പലക്കൊള്ളയുടെ മുഖ്യ ഉത്തരവാദികൾ.


ട്രസ്റ്റിലെ മൂന്ന്‌ ആർഎസ്‌എസുകാരെയും പ്രതിപ്പട്ടികയിൽനിന്ന്‌ ഒഴിവാക്കാനാണ്‌ നിലവിലെ നീക്കങ്ങൾ. ചമ്പത്‌ റായിയെയും മറ്റും പ്രതിചേർക്കാൻ മുഖ്യമന്ത്രി ആദിത്യനാഥിന് താൽപ്പര്യമുണ്ട്. ക്ഷേത്ര ട്രസ്റ്റിൽനിന്ന്‌ ഗോരഖ്നാഥ് മഠത്തെ ഒഴിവാക്കിയതിന്റെ ഇ‍ൗർഷ്യയും ആദിത്യനാഥിനുണ്ട്. എന്നാൽ ചമ്പത്‌ റായി പ്രതിചേർക്കപ്പെട്ടാൽ വിശ്വാസസംരക്ഷകരെന്ന മുഖംമൂടി പാടെ അഴിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ്‌ ആർഎസ്‌എസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home