print edition കുത്തക വിമാനക്കമ്പനികൾക്ക് 10,000 കോടി

ന്യൂഡൽഹി : തുടർച്ചയായി പെട്രോൾ–ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുമ്പോൾ വിമാനഇന്ധനത്തിനായി കുത്തക വിമാനകമ്പനികൾക്ക് വമ്പൻ സാമ്പത്തികസഹായം പ്രഖ്യാപിച്ച് കേന്ദ്രം. ആഭ്യന്തര–അന്താരാഷ്ട്ര സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കന്പനികൾക്ക് കുറഞ്ഞ വിലയിൽ വിമാനഇന്ധനം ലഭ്യമാക്കാൻ എണ്ണ വിപണന കമ്പനികൾക്ക് 10,000 കോടി രൂപയുടെവരെ സാമ്പത്തിക സഹായം അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. വിലസ്ഥിരതയിൽ വിമാനഇന്ധനം ലഭിക്കുന്നതിനാണ് പ്രത്യേക സഹായം അനുവദിക്കാനുള്ള സർക്കാർ തീരുമാനം.
പെട്രോൾ–ഡീസൽ വില പല ഘട്ടങ്ങളിലായി ലിറ്ററിന് ഏഴര രൂപയാണ് സർക്കാർ അടുത്തിടെ വർധിപ്പിച്ചത്. പാചകവാതക വിലയും കുത്തനെ കൂട്ടിയിരുന്നു. എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിതമായി ഒറ്റത്തവണ സഹായമായാണ് 10,000 കോടി രൂപവരെ അനുവദിക്കുക. സ്വകാര്യ എണ്ണക്കമ്പനികൾക്കും സഹായമുണ്ടോ എന്നതിൽ വ്യക്തതയില്ല. അന്താരാഷ്ട്ര വിപണിയിൽ വിമാനഇന്ധന വില കുറയുമ്പോൾ സർക്കാരിൽനിന്ന് ലഭിച്ച സാമ്പത്തികസഹായം ഘട്ടംഘട്ടമായി തിരിച്ചുപിടിക്കുമെന്നാണ് അവകാശവാദം. ഇത് കേന്ദ്രസർക്കാർ ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കും. വിമാന കമ്പനിയും എണ്ണ വിപണന കമ്പനിയും വ്യോമയാന മന്ത്രാലയവും പെട്രോളിയവും മന്ത്രാലയവും ഉൾപ്പെട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാകും സാമ്പത്തികസഹായം.
കരാറിൽ ഒപ്പിട്ട വിമാനകമ്പനി ബന്ധപ്പെട്ട എണ്ണ വിപണന കമ്പനിയിൽനിന്ന് മൂന്നുവർഷത്തേക്കോ സർക്കാർ അനുവദിക്കുന്ന സഹായം തിരിച്ചുപിടിക്കുന്നതുവരെയോ ഇന്ധനം വാങ്ങണം.
പദ്ധതി നടപ്പാക്കലിന് വ്യോമയാന–പെട്രോളിയം–ധനമന്ത്രാലയ പ്രതിനിധികൾ ഉൾപ്പെട്ട നിരീക്ഷണ സമിതി രൂപീകരിക്കും. മൂന്നുവർഷത്തേക്കാണ് പദ്ധതിയെങ്കിലും പുനരവലോകനശേഷം നീട്ടാനും വ്യവസ്ഥയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വിമാനഇന്ധന വില രണ്ടര ഇരട്ടി വർധിച്ചെന്ന ന്യായം പറഞ്ഞാണ് പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നത്. ആഭ്യന്തര വിപണിയിൽ പെ ട്രോൾ–ഡീസൽ വില പിടിച്ചുനിർത്തിയിരുന്ന വിലസ്ഥിരതാ നിധിയുടെ പുതിയ പതിപ്പാണിതെന്ന നിരീക്ഷണവുമുണ്ട്.










0 comments